ഏറ്റുമാനൂർ: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മാന്നാനം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവലെ 7.30നു വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് ഇരാറ്റുപേട്ട ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്.
മാന്നാനം നല്ലാങ്കൽ ഷാജിയുടെ മകൻ അനന്തു ഷാജി (20)യെയാണ് ഇന്നലെ വൈകുന്നേരം ഈരാറ്റുപേട്ട മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കാണാതായത്. നാല് സുഹ്യത്തുക്കളോടൊപ്പം കാറിലാണ് ഇവർ എത്തിയത്. കുമരകം എസ്എൻ കോളജ് ബിടിടിഎം ഒന്നാം വർഷ വിദ്യാർഥിയാണ്. ഒഴുക്കിൽ പെട്ട സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തിയിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിന് തൊട്ട് സമീപത്തു തന്നെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിനാൽ ചെറുപ്പക്കാരായ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. പ്രധാന റോഡിൽ നിന്നു ദുർഘടമായ പാതയിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ഇവിടെ എത്താൻ.
മാത്രമല്ല വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങണമെങ്കിൽ 100 അടിയിലധികം താഴ്ചയുള്ള ചെങ്കുത്തായ പാറ കെട്ടുകളിലൂടെ പൂൽ പടർപ്പുകൾ നിറഞ്ഞ വഴിയിലൂടെ വേണം ഇവിടെയ്ക്ക് ഇറങ്ങാൻ. അതുകൊണ്ട് തന്നെ സാഹസികതയ്ക്ക് വേണ്ടിയാണ് പലരും ഇവിടെ വരുന്നത്.
മുൻപ് പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറു മുതൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് കനത്ത മൂടൽ മഞ്ഞ് മൂലം തിരച്ചൽ അവസാനിപ്പിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ വാഹനങ്ങളും യന്ത്രസാമഗ്രികളും എത്താൻ സാധിക്കാത്ത വിധം ഉള്ളിലേക്ക് കയറിയ പ്രദേശമായതിനാൽ തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാക്കി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നിട്. മാതാവ്: ഷീബ, സഹോദരി: അപർണ.