വിതുര: കാട്ടാറില്‍ നിന്നും വെള്ളം കുടിച്ചു മടങ്ങുന്നതിനിടയില്‍ കാലിടറി വീണ അമ്മയെ തുമ്പിക്കൈ കൊണ്ട് വലിച്ചുയര്ത്താനായിരുന്നു അവന്റെ അദ്യ ശ്രമം. അതിനിടയില്‍ അമ്മയുടെ ശരീരം നിശ്ചലമായി.
എന്നിട്ടും ചുറ്റും വലംവച്ച് അമ്മയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം അവന് തുടര്‍ന്നു കൊണ്ടേയിരുന്നു. കഴിയില്ലെന്ന് മനസിലായതോടെ അരികിലിരുന്ന് അമ്മയെ മെല്ലെ തലോടി. ഇടയ്ക്കിടെ ആഹാരം നല്‍കാനും ശ്രമിച്ചു. പക്ഷേ അമ്മയുടെ ജീവന് അപ്പോഴേക്കും ലോകം വെടിഞ്ഞ് യാത്രയായിരുന്നു.
കല്ലാറില്‍ നിന്നും വെള്ളം കുടിച്ചു ഉള്‍വനത്തിലേക്കു മടങ്ങുന്നതിനിടയില്‍ ചരിഞ്ഞ കാട്ടാനയെ കാണാന്‍ കല്ലാറിന്റെ തീരത്തെത്തിയവര്ക്കാണ് അമ്മ പോയതറിയാതെ അമ്മയുടെ നിശ്ചല ശരീരത്തിനു ചുറ്റും വലം വെച്ചു നടന്ന ആ കുട്ടിക്കൊമ്പന് കണ്ണീര് കാഴ്ചയായായി മാറിയത്.
ഇന്നലെ രാവിലെയാണ് കല്ലാര്‍ ഇരുപത്തിയാറാം മൈലില്‍ വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടത്. രാവിലെ റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് ആന കിടക്കുന്ന നിലയിലും കുട്ടിയാന ചുറ്റിലും നടക്കുന്നതും കണ്ടത്. നാട്ടുകാര്‍ ഉടന്‍ വനം അധികൃതരെ വിവരമറിയിച്ചു.
അവര്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടിയാന അരികില്‍ തുടരുന്നതിനാല്‍ ജഡം പരിശോധിക്കാനായില്ല. മണിക്കൂറുകളോളം അവന് അമ്മയ്ക്കരികില്‍ തുടര്‍ന്നു. അടുത്തേക്ക് വരാന്‍ ശ്രമിച്ചവരെ അവന് ചിന്നംവിളിച്ച് അകറ്റി.
ഉച്ചയോടെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കല്ലാര്‍ ഇരുപത്തിയാറാം മൈലില്‍ നിന്ന് ജഡം കിടന്ന ഉള്‍പ്രദേശത്തേക്ക് വഴിയൊരുക്കി. കുട്ടിയാനയെ കൊണ്ടുപോകാനുള്ള വാഹനം ഇതുവഴിയെത്തിച്ചു. തുടര്‍ന്ന് വടം ഉപയോഗിച്ച് പിടികൂടിയാണ് കുട്ടിയാനയെ വാഹനത്തില്‍ കയറ്റിയത്. കുട്ടിയാനയെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ചരിഞ്ഞ ആനയ്ക്ക് നാല്‍പ്പത്തഞ്ചും കുട്ടിയാനയ്ക്ക് എട്ടു മാസവുമാണ് പ്രായം. ശ്വാസകോശ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലാറില്‍ നിന്നും വെള്ളം കുടിച്ച ശേഷം ഉള്‍വനത്തിലേക്ക് പോകവേയാണ് ആന ചരിഞ്ഞത്. ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തി.
ആനയുടെ മൃതദേഹം വനത്തിനുള്ളില്‍ സംസ്കരിച്ചു. പാലോട് റേഞ്ച് ഓഫീസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള വനം അധികൃതരും പൊലീസുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.