അഗളി : സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണ ഒന്നര വയസുള്ള കുട്ടിക്കൊന്പനെ അഗളി ആർ ആർ ടി സംഘം രക്ഷപ്പെടുത്തി.
പുതൂർ പഞ്ചായത്തിലെ പട്ടണക്കല്ലിലുള്ള കിണറ്റിൽ അകപ്പെട്ടനിലയിൽ ഇന്നലെ രാവിലെയാണ് ആനക്കുട്ടിയെ കണ്ടത്. സംഭവമറിഞ്ഞ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബി ബിനുവിന്റെ നേതൃത്വത്തിൽ ആർ ആർ ടി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണർ ഭാഗികമായി കല്ലിട്ട് നികത്തി ആനക്കുട്ടിക്ക് പുറത്തു കടക്കാൻ വഴിയൊരുക്കി. ആർആർടി സംഘം എറിഞ്ഞുകൊടുത്ത വടത്തിൽ തുന്പിക്കൈ ചുറ്റി കിണറിൽ നിന്ന് കരകയറി കുട്ടിയാന കാട്ടിലേക്ക് നീങ്ങി.
ആനകുട്ടി കിണറ്റിൽ വീണതോടെ ആനക്കൂട്ടം പലതവണ കിണറ്റുവക്കിലേക്ക് എത്തിയിരുന്നു. വനപാലകർ എത്തിയതോടെ തള്ളയാനയും സംഘവും പിന്മാറി.
ആനക്കുട്ടിയെ ആർ ആർ ടി സംഘം കരകയറ്റി വിടുന്നതുവരെ എട്ടംഗ കാട്ടാന കൂട്ടം സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചിരുന്നു.