ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗ കേസിൽ കൊലക്കയറിൽ നിന്നു രക്ഷപ്പെട്ട കുട്ടിക്കുറ്റവാളി ജയിൽ മോചിതനായി ദക്ഷിണേന്ത്യയിൽ താമസിക്കുന്നു. രാജ്യത്തെ നടുക്കിയ സംഭവം നടന്ന 2012 ഡിസംബർ 16-ന് 18 വയസു തികയാത്തതിന്റെ പേരിൽ വധശിക്ഷയിൽ നിന്നു രക്ഷപെട്ട ഇയാൾ ഇപ്പോൾ പുറംലോകം അറിയാതെ പാചകക്കാരനായി ദക്ഷിണേന്ത്യയിലെ ഒരു നഗരത്തിലാണ് ജീവിക്കുന്നത്.
കൂട്ടമാനഭംഗത്തിൽ പ്രതിയായപ്പോൾ 17 വർഷവും ആറു മാസവും പ്രായമായിരുന്ന ഇയാളെ ജൂവൈനൽ നിയമപ്രകാരം നൽകാവുന്ന ഏറ്റവും പരമാവധി ശിക്ഷയായ മൂന്നു വർഷം തടവു മാത്രമാണ് അനുഭവിച്ചത്. മറ്റു നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി വെള്ളിയാഴ്ചയാണു ശരിവച്ചത്. ഒരു പ്രതി നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. ആറു പ്രതികളിൽ ശേഷിച്ചയാളും ഏറ്റവും നിഷ്ഠുരമായി നിർഭയയെ ഉപദ്രവിച്ച കുട്ടിക്കുറ്റവാളി മാത്രം പ്രായപൂർത്തിയാകാത്തതിനാൽ നിയമത്തിന്റെ കുരുക്കിൽ നിന്നു നേരത്തേ വിടുതൽ നേടി സ്വതന്ത്രനായതു സമൂഹ മനഃസാക്ഷിയെ വേദനിപ്പിച്ചിരുന്നു.
നിർഭയയുടെ മരണമൊഴിയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സാക്ഷിമൊഴിയും അനുസരിച്ച് ഓടുന്ന ബസിനുള്ളിൽ പെണ്കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചതു കുട്ടിക്കുറ്റവാളിയായിരുന്നു. ജുവനൈൽ നിയമപ്രകാരം ജുവനൈൽ ജസ്റ്റീസ് ബോർഡ് നടത്തിയ പ്രത്യേക വിചാരണയിൽ ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തു. പക്ഷേ പ്രായപൂർത്തിയാകാത്തവർക്കു മൂന്നു വർഷത്തിലേറെ തടവിൽ കൂടുതൽ ശിക്ഷ നൽകാൻ കഴിയില്ലായിരുന്നു. ഇതേത്തുടർന്നാണ് മാനഭംഗക്കേസുകളിലെ ശിക്ഷ കർശനമാക്കുന്നതിനു വേണ്ടി ജസ്റ്റീസ് ജെ.എൻ. വർമ അധ്യക്ഷനായ സമിതിയെ അന്നത്തെ കേന്ദ്രസർക്കാർ നിയമിച്ചത്. 2015 ഡിസംബറിൽ ശിക്ഷാ കാലാവധി തീരുന്നതിനു ദിവസങ്ങൾക്കു മുന്പു പുറത്തിറങ്ങിയെങ്കിലും ഇയാളുടെ ജീവനു ഭീഷണിയുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് രഹസ്യമായി ഒരു സന്നദ്ധ സംഘടനയ്ക്കു പോലീസ് കൈമാറുകയായിരുന്നു. മാധ്യമ ശ്രദ്ധയിലും പൊതുജന ശ്രദ്ധയിലും പെടാതിരിക്കാനാണ് ഇപ്പോൾ 23 വയസുള്ള ഇയാളെ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തേക്കു മാറ്റിയത്. ഒരു ഹോട്ടലിലോ, റസ്റ്റോറന്റിലോ പാചകക്കാരനായാണു ജീവിതം. ഭക്ഷണം വിളന്പുന്നതിനായി പോലും ഇയാൾ സാധാരണ പുറത്തിറങ്ങാറില്ല. ജനം തിരിച്ചറിഞ്ഞാൽ പ്രശ്നമാകുമെന്നു ബോധ്യമുള്ളതിനാൽ രഹസ്യസ്വഭാവം ഇപ്പോഴും നിലനിർത്തുകയാണെന്ന് ഇയാളുടെ പുനരധിവാസത്തിനു സഹകരിച്ച സാമൂഹ്യ പ്രവർത്തകൻ വിശദീകരിച്ചു.
ജനം തിരിച്ചറിഞ്ഞാൽ തന്നെ കൊല്ലുമെന്ന ഭയത്തോടെയാണു ഇയാൾ ഡൽഹിയും ഉത്തരേന്ത്യയും വിടാൻ തീരുമാനിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയ്ക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇയാളുടെ പഴയ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ല. നിലവിൽ മര്യാദക്കാരനായാണ് ഇയാൾ ജീവിക്കുന്നതെന്നു സന്നദ്ധ സംഘടന പറയുന്നു.