അഗളി : അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ കടകളുടെ പൂട്ട് പൊളിച്ചും ചില്ല് അടിച്ചു തകർത്തും മോഷണ ശ്രമം നടത്തിയ രണ്ടംഗസംഘത്തെ അഗളി സിഐ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ജെല്ലിപ്പാറ സ്വദേശി ചൂട്ടുവേലിൽ ഉണ്ണികൃഷ്ണൻ മകൻ അഖിൽ കൃഷ്ണൻ എന്ന അഖിൽ (21), കാരറ പാറവളവിൽ നഞ്ചന്റെ മകൻ ബിജുക്കുട്ടൻ എന്ന കൃഷ്ണൻ(21) എന്നിവരാണ് അറസ്റ്റിലായത്.
മോഷണവിവരം പുറത്തറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂതിവഴിയിലെ വാടകവീട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ സിവിൽ സ്റ്റേഷനോടു ചേർന്നുള്ള ആധാരം എഴുത്ത് ഓഫീസിന്റെ ചില്ല് തകർത്തു മുന്നൂറ് രൂപ കവർന്നു.
സമീപത്തുള്ള ത്രിവേണി സ്റ്റോറിന്റെയും ചിക്കൻ സ്റ്റാളിന്റെയും പൂട്ടുകൾ തകർത്തു അകത്തു കടന്നു. ജനകീയ ഹോട്ടലിന്റെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഓട് പൊളിച്ചാണ് കടയ്ക്കുള്ളിൽ കയറിയത്.
ബ്യൂട്ടി പാർലറിന്റെ ഗ്ലാസ് തകർത്തു അകത്തു കടക്കുകയായിരുന്നു. ഒരു വാക്കത്തി മാത്രമായിരുന്നു ഇവർ ആയുധമായി കരുതിയിരുന്നത്.
അഞ്ച് കടകളിൽ പ്രവേശിച്ചുവെങ്കിലും കൂടുതൽ മോഷണം നടത്താനായില്ലെന്നും യുവാക്കൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
മാസങ്ങൾക്കുമുൻപ് ഗൂളിക്കടവിൽ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അഖിൽ.ഇന്നലെ രാത്രി 12 മണിയോടെയാണ് കടകളിൽ മോഷണശ്രമം അരങ്ങേറിയത്.
അഗളി സിഐ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.