കോട്ടയം: പത്തൊൻപത് മക്കൾക്കു ജന്മം നൽകിയ വന്ദ്യപിതാവ് യാത്രയായി. മക്കൾ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേൽ (പിണമറുകിൽ) എൻ.എം. ഏബ്രഹാം (കുട്ടിപാപ്പൻ) വിടപറയുന്പോൾ തൊണ്ണൂറു വയസായിരുന്നു.
വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കർഷകനുമായിരുന്ന എൻ.എം. ഏബ്രഹാം നാട്ടുകാർക്കും ബന്ധുക്കൾക്കും കുട്ടിപാപ്പനായിരുന്നു.
ഇടമറ്റത്തുനിന്ന് 75 വർഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരൻ എൻ.എം. വർക്കിക്കും അയൽവാസികൾക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തിൽ നാളുകൾ.
നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയർത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങൾ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളിൽ ഏറുമാടം കെട്ടിയായിരുന്നു താമസം.
അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളിൽനിന്നു കുടിയേറി വന്നവർക്കെല്ലാം കുട്ടിപാപ്പൻ കരുതലും സ്നേഹവും നൽകി. പെരുവന്താനം ഒട്ടലാങ്കൽ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ.
ഇവർക്കു ജനിച്ച 19 മക്കളിൽ 15 പേർ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിൻസെന്റ്, ബിജു, സീന, സിസ്റ്റർ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിൾ എന്നിവരാണ് മക്കൾ. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്. ഏബ്രഹാമിന്റെ മൃതദേഹം ഇന്നു രാവിലെ ഒന്പതിനു ഭവനത്തിലെത്തിക്കും. സംസ്കാരം 11.30നു വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയിൽ.