തലശേരി: എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകൾ തീരുന്ന ദിവസങ്ങളിൽ വിദ്യാർഥികളുടെ ആഘോഷങ്ങൾക്ക് അതിരുവിടാതിരിക്കാൻ പോലീസ് സഹായം തേടി സ്കൂൾ മേധാവികൾ. ആഘോഷങ്ങൾ അതിരു വിടാതിരിക്കാൻ എക്സൈസ്-പോലീസ്-മോട്ടോർ വാഹന വകുപ്പുകളും രംഗത്തിറങ്ങും.
ഇന്നു മുതൽ 28 വരെ തലശേരി നഗരത്തിലെ പ്രധാന വിദ്യാലയങ്ങൾക്ക് മുന്നിലെല്ലാം മൂന്ന് വകുപ്പിളിലേയും ഉദ്യോഗസ്ഥർ യൂണിഫോമിലും മഫ്തിയിലും റോന്ത് ചുറ്റും. വിദ്യാർഥികൾ ലഹരിയുടെ പിടിയിലമരാതിരിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കു മുന്നിലും നഗരത്തിലുടെ നീളവും നിരീക്ഷണം ഏർപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. പെൺകുട്ടികളുടെ ഇടയിൽ ലഹരി മരുന്നിന്റെ ഉപയോഗം വ്യാപകമായതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ വനിതാവിംഗും തലശേരിയിൽ ഇന്ന് എത്തുന്നുണ്ട്.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ ഇന്നലെ ചിത്രകാര സംഗമം നടന്നു.വിദ്യാലയങ്ങളുടെ ചുവരുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങളടത്തിയ ചിത്രങ്ങൾ വരയ്ക്കുമെന്നും സുരേഷ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ആർ ടി ഒ എം.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും കർശന നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരത്തിലും പരിസരത്തും പരിശോധനങ്ങൾ നടത്തുന്നെന്നും എൻഫോഴ്സ്മെന്റ് ആർടിഒ സുഭാഷ് ബാബു രാഷ്ട്രദീപികയോട് പറഞ്ഞു. കുട്ടികളുടെ ആഘോഷങ്ങൾ അതിരു വിടാതിരിക്കാൻ വിദ്യാലയങ്ങൾക്ക് മുന്നിൽ പട്രോളിംഗ് ഏർപ്പെടുത്തുമെന്ന് സിഐ വിശ്വംഭരൻ നായർ പറഞ്ഞു.
തലശേരിയിലും പരിസര പ്രദേശങ്ങളും ലഹരി മാഫിയ പിടിമുറിക്കിയ സാഹചര്യത്തിലാണ് കർശന നടപടികളുമായി അധികൃതർ രംഗത്തു വന്നിട്ടുള്ളത്.മുഴപ്പിലങ്ങാട് ലഹരിക്കടിമപ്പെട്ട യുവാവ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. മാത്രവുമല്ല ഇരു ചക്ര വാഹനങ്ങളുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായി മാറി കഴിഞ്ഞു.കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥികൾ അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഒരു കുട്ടിയുടെ മുഖം ഭാഗികമായി തകർന്നിട്ടുണ്ട്.
കുട്ടികളുടെ പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുചെന്നാക്കാനും പരീക്ഷ കഴിഞ്ഞ് തിരിച്ച് കൊണ്ടു പോകാനും രക്ഷിതാക്കൾ നിർബന്ധമായും എത്തണമെന്നും വിവിധ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം കുട്ടികളുടെ ഹോളി ആഘോഷം അതിരു കടന്നതിനെ തുടർന്ന് സഹികെട്ട നാട്ടുകാർ പോലീസിന്റെ സഹായം തേടിയിരുന്നു. ആഘോഷത്തിന് മാറ്റ് കൂട്ടാൻ കുട്ടികൾ ഡിജെ പാർട്ടി ഒരുക്കിയിട്ടുള്ളതായ റിപ്പോർട്ടും പുറത്തു വന്നിരുന്നു. ഡി ജെ പാർട്ടികളിൽ ലഹരി എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്താനും ഉദ്യാഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.