മല്ലപ്പള്ളി: ഗതാഗത നിയമങ്ങൾ അനുസരിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി സ്റ്റുഡന്റ് പോലീസ്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പോലീസ് കേഡറ്റുകളാണ് കർമനിരതരായി രംഗത്തു വന്നിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും കോട്ടയം – കോഴഞ്ചേരി റാന്നി റോഡുകൾ സന്ധിക്കുന്ന ഹൈസ്കൂൾ ജംഗ്ഷനിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്.
ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബൽറ്റ് ഉപയോഗിക്കാതെയും കടന്നു പോകുന്നവരെ കണ്ടാൽ കൈ കാണിച്ച് വാഹനങ്ങൾ നിർത്തുകയും സ്നേഹത്തോടു കൂടി ഇവ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയുമാണ് പതിവ്. നല്ല ശതമാനം യാത്രക്കാരും ഇവരോടു സഹകരിക്കും എങ്കിലും കുട്ടികളല്ലേ എന്തു ചെയ്യും എന്ന് വിചാരിച്ച് കടന്നു പോകുന്നവർ കുടുങ്ങിയതു തന്നെ ഇവരുടെ വണ്ടിയുടെ നന്പറുകൾ കുറിച്ചെടുത്ത് പോലീസിന് കൈമാറുകയും പോലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്.
ഇവരുടെ സേവനം തുടങ്ങിയതിനു ശേഷം ഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെയധികം കുറഞ്ഞതായി പോലീസ് അവകാശപ്പെടുന്നു. വഴിയാത്രക്കാരും പൊതുജനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ മറ്റ് പ്രധാനപ്പെട്ട റോഡുകളിലേക്കും വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായി കേഡറ്റുകൾ അറിയിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ കെ.സലിം, എസ്ഐ. ഹരികുമാർ സി.കെ, ഷാനവാസ് എന്നിവർ വേണ്ട നേതൃത്വം നല്കി വരുന്നു.