കുറ്റിപ്പുറം: സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 25 പേർക്കു പരിക്കേറ്റു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം. വളാഞ്ചേരി ഭാഗത്തു നിന്നു കുറ്റിപ്പുറം ഭാഗത്തേക്കു നിറയെ യാത്രക്കാരുമായി വരികയായിരുന്ന ‘റോയൽ’ ബസാണ് ദേശീയ പാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു മുകളിൽ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നു കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ഗവ.ആശുപത്രിയിലും നടക്കാവ്, എടപ്പാൾ എന്നീ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവർ എടയൂർ സ്വദേശി ജാഫർ (28), ആലപ്പുഴ ബിനു (36), ഷെഫീക്ക് (19), അഭിലാഷ് (32), വടപ്പാറ മുഹമ്മദ് റാഫി (35), ദേവസ്യ (53), തമിഴ്നാട് സ്വദേശി നിത്യാനന്ദ (22), രാജസ്ഥാൻ സ്വദേശി ഗുട്ടിമീണ (32), നവാസ് (32), നീതു (19), ഫവാസ് (15), റക്കിൽ ലബീൽ (15), ഷെഫീക്ക് (19), ഫർസാന (18), മുഫീദ (30), സുബീഷ് (37), ത്വയ്ബ (17) എന്നിവർക്കും ഇവരെ കൂടാതെ എട്ടോളം പേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്.
ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് പാലത്തിനു താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി. തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ഹൈവേ പോലീസും കുറ്റിപ്പുറം പോലീസും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.