മലപ്പുറം: ഒന്നരവർഷം മുന്പു ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷം ആരംഭിച്ചു. തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിലിൽ നിന്നു സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണ രേഖകൾ ഏറ്റുവാങ്ങി എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സൈന്യത്തിന്റെ രേഖകൾ പരിശോധിക്കാനും തുടരന്വേഷണം നടത്താനും ഉന്നത ഏജൻസിയെ നിയോഗിക്കണമെന്ന ഡിജിപിയുടെ ശിപാർശ സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. 2018 ജനൂവരിയിലാണ് മൂന്നു ദിവസങ്ങളിലായി ഭാരതപ്പുഴയിൽ നിന്നു വിവിധ വെടിക്കോപ്പുകൾ കാണപ്പെട്ടത്.
അഞ്ചു ക്ലേമോർ കുഴിബോബുകൾ, എസ്എൽആർ 762 എംഎം വെടിയുണ്ടകൾ 560, ഉപയോഗിച്ചു കഴിഞ്ഞ 45 ഷെല്ലുകൾ, എകെ 47 കാട്രിജുകൾ, മൈൻ പ്ലസ് ജനറേറ്ററുകൾ ആറ്, കണക്ടിങ്ങ് വയറുകൾ ആറ്, ട്യൂബ് ലോഞ്ചർ രണ്ട്, സൈനിക വാഹനങ്ങൾക്കു വഴിയൊരുക്കാനുള്ള ഇരുന്പുനിർമിതമായ പട്ടകൾ തുടങ്ങിയവയാണ് കാണപ്പെട്ടത്. അന്നത്തെ തിരൂർ ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവ പുറത്തെടുത്തത്.
കുറ്റിപ്പുറം സ്വദേശികളായ യുവാക്കൾ നൽകിയ വിവരത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. വൻ പോലീസ് സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു. പോലീസ് രഹസ്യന്വേഷണ വിഭാഗം എസ്പി ശശികുമാർ, തിരൂർ ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. ഇതിനു തൊട്ടുമുന്പു പാലത്തിനടുത്തു നിന്ന് അഞ്ച് കുഴിബോംബുകൾ കണ്ടെത്തിയ കേസിന്റെ അന്വേഷണം മുംബൈയിൽ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയിലാണ് ഭാരതപ്പുഴയിൽ വെടിക്കോപ്പുകൾ കാണപ്പെട്ടത്.
1999-ൽ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ഓർഡ്നൻസ് ഫാക്ടറിയിൽ നിന്നു രണ്ടു ഡിപ്പോകളിലേക്കു അയച്ചതാണ് ഇവയെന്നു അന്വേഷണത്തിൽ വ്യക്തമായതോടെ ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായി പോലീസ് സൈനിക വൃത്തങ്ങളോടു ആവശ്യപ്പെട്ടെങ്കിലും സൈന്യത്തിൽ നിന്നു മതിയായ സഹകരണം ലഭിച്ചില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിലുള്ളത്.
പിന്നീട് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം കേസന്വേഷണം നടത്തുന്നതിനു അന്നത്തെ മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ജയ്സണ് കെ.ഏബ്രാഹാമും സംഘവും മഹാരാഷ്ട്രയിൽ ക്യാന്പു ചെയ്തു സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ലക്ഷക്കണക്കിനു ആയുധങ്ങൾ നിർമിക്കുന്ന ചന്ദ്രപ്പൂരിൽ നിർമിച്ച ആയുധങ്ങളിൽ ചെറിയൊരു അംശം മാത്രമാണ് കുറ്റിപ്പുറത്തു കാണപ്പെട്ടതെന്നു വ്യക്തമാവുകയായിരുന്നു.
എന്നാൽ ഇവയുടെ നിർമാണത്തെത്തുറിച്ചും ഏതു കേന്ദ്രത്തിലേക്കാണ് വിതരണം ചെയ്തത് എന്നതിനെക്കുറിച്ചൊന്നും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. സൈനിക ഉദ്യോഗസ്ഥരുടെ കൂടുതൽ സഹകരണത്തോടെ മാത്രമേ അന്വേഷണം നടത്താനാകൂവെന്നു അന്വേഷണ ഉദ്യോഗസ്ഥർ അന്നു തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ ഇക്കാര്യത്തിൽ ആവശ്യവുമായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള ഒട്ടനവധി രേഖകൾ പരിശോധിച്ചു വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ട്. കംപ്യൂട്ടറിൽ നിന്നും അല്ലാതെയും വിവരങ്ങൾ കണ്ടെത്തണം. അതു ലഭ്യമാകാൻ ദിവസങ്ങളെടുക്കുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിവരം. പോലീസ് ആവശ്യപ്പെട്ടതു പഴക്കമേറിയ രേഖകളാണെന്നും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാത്തതിനാൽ അവ ലഭ്യമാകാൻ പ്രയാസമാണെന്നായിരുന്നു വിവരം.
ഇപ്പോൾ സിബിഐ അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. കണ്ടെടുത്ത ക്ലേമോർ വിഭാഗത്തിൽപ്പെട്ട അഞ്ചു കുഴിബോംബുകൾ മലപ്പുറം പടിഞ്ഞാറ്റുംമുറിയിലെ ആംഡ് റിസർവ് പോലീസ് ക്യാന്പിലേക്കു മാറ്റിയിരുന്നു.