മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കുഴി ബോംബ് അടക്കം വെടിക്കോപ്പുകൾ കാണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറത്തു ക്യാന്പ് തുടങ്ങിയാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘം കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് ആരംഭിച്ചിരിക്കുന്നത്.
2018 ജനുവരി അഞ്ചിനാണ് പുഴയോരത്ത് ആയുധശേഖരം കണ്ടെത്തിയത്. പുഴയിലിറങ്ങവേ വളാഞ്ചേരി സ്വദേശിയായ യുവാവ്് ആണ് മൈനുകളും അതിനടുത്തായി പട്ടാളക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബാഗും കണ്ടെത്തിയതായി പോലീസിനു വിവരം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വിവരം നൽകിയ ആളിൽ നിന്നും ജില്ലയിലെയും പുറത്തെയും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ അന്വേഷണം നടത്തിവരികയാണ്.
തുടക്കത്തിൽ അഞ്ച് കുഴിബോംബുകൾ അടക്കമായിരുന്നു കണ്ടെടുത്തിരുന്നത്. പിന്നീട് പാലത്തിനു താഴെ നിന്നു സൈനിക കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ആയുധങ്ങളും അനുബന്ധ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. 445 വെടിയുണ്ടകളും പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന റൈഫിളിന്റെ പാർട്സുകളും ഉൾപ്പെടെ 500 ഓളം സാധനങ്ങളാണ് കണ്ടെടുത്തത്.
വെടിയുണ്ടകൾക്കു പുറമെ കുഴി ബോംബുകളുടെ സ്പെയർ പാർട്സുകൾ, ട്യൂബ് ലോഞ്ചറുകൾ, കേബിൾ കണക്ടറുകൾ, തോക്കിന്റെ വിവിധ പാർട്സുകൾ, ഇവ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തുണി സഞ്ചികൾ എന്നിവയാണ് കണ്ടെടുത്തത്. തിരൂർ ഡിവൈഎസ്പിയായിരുന്ന ഉല്ലാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു ഇവ പുറത്തെടുത്തത്.
തുടർന്നു ബോംബുകൾ നിർവീര്യമാക്കി അവ മലപ്പുറം എആർ ക്യാന്പിലേക്കു മാറ്റി. പാലത്തിനു സമീപം അന്പതു മീറ്റർ അകലെയായി അഞ്ചു മൈനുകളിൽ ഒന്നു ഒരിടത്തും നാലെണ്ണം ഒന്നിച്ചും ചെറിയ മണൽകുഴിയിലാണ് കാണപ്പെട്ടത്. സംഭവത്തെത്തുടർന്നു ഭാരതപ്പുഴയും പരിസരവും ബോംബ് പരിശോധന നടത്തുന്ന വിദഗ്ധ സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വിശദമായി പരിശോധിച്ചിരുന്നു.
പട്ടാള ക്യാന്പുകളിലും അതിർത്തി രക്ഷാ സൈനികരും ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് മൈനുകളെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഇതേത്തുടർന്നു കൂടുതൽ അന്വേഷണത്തിനു സൈനിക കേന്ദ്രത്തിലേക്കു വിവരം കൈമാറി. വിവരമറിഞ്ഞു ഉന്നത പോലീസ് അധികതരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. സൈന്യം ഉപയോഗത്തിൽ നിന്നു ഒഴിവാക്കിയ സാമഗ്രികളാണ് ഇവയെന്ന് തുടക്കത്തിലെ സംശയിച്ചിരുന്നു.
ഇതേത്തുടർന്നു കൂടുതൽ അന്വേഷണത്തിനു സൈനിക കേന്ദ്രത്തിലേക്കു വിവരം കൈമാറി. സംഭവത്തെക്കുറിച്ച് അന്നത്തെ എസ്പിയായിരുന്ന ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു അന്വേഷണവും തുടങ്ങി. പിന്നീട് മലപ്പുറം ഡിസിആർബി ഡിവൈഎസ്പിയായിരുന്ന ജയ്സണ് കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം മഹാരാഷ്ട്രയിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ലഭിച്ചില്ല.
ഇതിനിടയിലും വൻ വെടിയുണ്ട ശേഖരം കാണപ്പെട്ടിരുന്നു. ബോംബുകൾ ഇന്ത്യൻ കരസേനക്ക് വേണ്ടി മഹാരാഷ്ട്രയിൽ നിർമിച്ചതാണെന്ന സൂചനയെത്തുടർന്നായിരുന്നു അന്വേഷണം പുറത്തേക്ക് വ്യാപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു വിശദ പരിശോധനക്കായി ചെന്നൈയിൽ നിന്നുള്ള നാഷണൽ സെക്യൂരിറ്റി ഗാർഡിലെ (എൻഎസ്ജി) ആറംഗ വിദഗ്ധ സംഘവുമെത്തി. കുഴിബോംബുകൾക്ക് 20 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഇതിനിടെ മാവോയിസ്റ്റ്, തീവ്രവാദബന്ധവും പോലീസ് അന്വേഷിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളിൽ ഉപയോഗിച്ചുവരുന്ന വിദൂരനിയന്ത്രിത സ്ഫോടകവസ്തുവായ ക്ലേമോർ കുഴിബോംബുകളാണ് കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഒടുവിൽ സിബിഐ അന്വേഷണം തുടങ്ങിയതോടെ സംഭവത്തിനു തുന്പുണ്ടാകുമെന്നാണ് കരുതുന്നത്.