ഒറ്റപ്പാലം: കുറ്റിപ്പുറത്തുനിന്നും പട്ടാന്പിയിൽനിന്നും മാരകായുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഇവ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. ഭാരതപ്പുഴയുടെ വിവിധ മേഖലകളിലും വൃഷ്ടിപ്രദേശത്തോടു ചേർന്നും മാരകായുധങ്ങൾ ഇനിയും സൂക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പോലീസ് സംശയിക്കുന്നു.ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റിപ്പുറത്ത് ആയുധങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ടും പട്ടാന്പിയിൽ വാളുകൾ കണ്ടെടുത്തതുമായും ഇതുവരെ ആരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
അതേസമയം ആയുധങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംഘടനകളെ പോലീസ് സംശയിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ഭാരതപുഴയിൽ കുറ്റിപ്പുറം ഭാഗത്തുനിന്നും 500-ലധികം വെടിയുണ്ടകളും മൈൻ പൊട്ടിക്കാനുള്ള ഡിറ്റണേറ്ററുകളും ക്ലേമോർ മൈനുകളുമാണ് കണ്ടെടുത്തത്.ഇതു നിസാരസംഭവമായി കാണാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
പട്ടാന്പിയിൽനിന്നും അഞ്ചുവടിവാളും മൂന്നു ചെറിയ വാളുകളുമാണ് കണ്ടെടുത്തത്. പട്ടാന്പി നഗരസഭയുടെയും മുതുതല പഞ്ചായത്തിന്റെയും അതിർത്തിയിൽ പാലത്തിനുസമീപം അഴുക്കുചാലിൽനിന്നാണ് ചാക്കിൽ കെട്ടിയനിലയിൽ വാളുകൾ കണ്ടെടുത്തത്.അതേസമയം കുറ്റിപ്പുറത്ത് ഭാരതപുഴയിൽനിന്നും കണ്ടെടുത്ത ആയുധശേഖരവും പട്ടാന്പിയിൽനിന്നു കണ്ടെടുത്ത വാളുകളും തമ്മിൽ ബന്ധമുള്ളതായി കരുതാവുന്ന സൂചനകളൊന്നും ഇല്ലെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
അതേസമയം കുറ്റിപ്പുറത്തിനു പിറകേ ഭാരതപുഴയോടു ചേർന്ന് പട്ടാന്പിയിൽനിന്നും അടുത്തടുത്ത ദിവസങ്ങളിൽ ആയുധശേഖരം പിടികൂടിയത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടാന്പിയിൽ വാളുകൾ കണ്ടെടുത്ത സംഭവം ഗൗരവമായി പോലീസ് കാണുന്നത്.