മലപ്പുറം: രാജ്യസുരക്ഷക്ക് ഭീഷണിയായ ആയുധ ശേഖരം കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിന്നു കണ്ടെത്തിയിട്ടും ദേശീയ ഏജൻസികൾ അന്വഷിക്കാത്തതിനു പിന്നിൽ സംഘപരിവാർ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിൽ വീഴ്ച വരുത്തിയാൽ എസ്ഡിപിഐ ജുഡീഷ്യറിയെ സമീപിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ.
ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഇഴയുന്നുവെന്നാരോപിച്ചു എസ്ഡിപിഐ മലപ്പുറം എസ്പി ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനത്തിനു പോകുന്നവർ ഇടത്താവളമായി ഉപയോഗിക്കുന്ന കുറ്റിപ്പുറം പുഴയോരത്തു ഇത്രയും മാരകമായ ആയുധശേഖരം നിക്ഷേപിച്ചതിൽ ദുരൂഹതയുണ്ട്.
ശബരിമല തീർഥാടകർ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചാരണം സംഘ്പരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിനു ബോംബ് നിർമിക്കുന്നതിനിടെ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ടതു മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
താരതമ്യേന സമാധാനന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽ സംഘർഷങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. അതുകൊണ്ടു തന്നെ സൈനികായുധങ്ങൾ കുറ്റിപ്പുറത്തു എത്തിച്ച കരങ്ങളെ കണ്ടെത്തുവാനും അതിന്റെ പിന്നിലുള്ള ഗൂഡാലോചനകൾ വെളിച്ചത്തു വരുവാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്നു തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജലീൽ നീലാന്പ്ര , ജനറൽ സെക്രട്ടറി എ.കെ മജീദ്, വൈസ്പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ബാബുമണി കരുവാരക്കുണ്ട് എന്നിവർ പ്രസംഗിച്ചു.മാർച്ചിനു ശേഷം അന്വേഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവിക്കു എസ്ഡിപിഐ ഭാരവാഹികൾ നിവേദനം നൽകുകയും ചെയ്തു.