തിരുവനന്തപുരം: പത്രം വായിക്കുന്ന, യുട്യൂബില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം കാണുന്ന കുട്ടികളുടെ സ്പീക്കറായ റോസ്ന ജോസഫിന് ഐഎഎസുകാരിയാകണമെന്നാണ് ആഗ്രഹം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പൂച്ചാക്കല്‍ ഏലൂക്കോട്ടില് എ.ടി. ജോസഫിന്റെയും റീത്താമ്മയുടെയും ഏക മകളായ റോസ്ന രണ്ടാംക്ലാസ് മുതല്‍ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പ്രസംഗിക്കുമ്പോള്‍ പ്രായം ആറുവയസായിരുന്നു. മണപ്പുറം സെന്റ് തെരേസാസ് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മാറുന്ന മലയാളി, മാറുന്ന കേരളം എന്ന വിഷയത്തെ കുറിച്ചാണ് ശിശുക്ഷേമസമിതി നടത്തിയ മത്സരത്തില്‍ പ്രസംഗിച്ചത്. അവസാന റൗണ്ടിലെ സ്ക്രീനിംഗിലും റോസ്ന മികവ് തെളിയിച്ചു. അക്ഷരം ആയുധം എന്ന വിഷയത്തെ കുറിച്ച് പ്രസംഗിക്കാന്‍ സ്ക്രീനിംഗ് കമ്മിറ്റി ആവശ്യപ്പെട്ടപ്പോള്‍ ഹെലന് കെല്ലറെ കുറിച്ചാണ് പ്രസംഗിച്ചത്. പിന്നാലെ എസ്തര് എന്ന സ്ത്രീയെ അറിയാമോ എന്ന് ചോദിച്ചു, ഇക്കണോമിക്സില്‍ ഈവര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ വനിതയാണെന്നും അവരുടെ ഭര്‍ത്താവ് അഭിജിത് ബാനര്‍ജി ഇന്ത്യന്വംശജനാണെന്നും പറഞ്ഞു.
കൂലിപ്പണിക്കാരനായ പിതാവ് ജോസഫാണ് റോസ്നയെ പ്രസംഗത്തിന് സഹായിക്കുന്നത്. ക്ലാസില്‍ ഫസ്റ്റായ റോസ്ന ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പോലുള്ള ഗൗരവമേറിയ പുസ്തകങ്ങളും ബെന്ന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള് പോലുള്ള ത്രില്ലിംഗ് നോവലുകളും വായിച്ചു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാവുന്നത് വലിയ അംഗീകാരമാണെന്ന് റോസ്ന പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി തലസ്ഥാനത്ത്, 14ന് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷപരിപാടികളില് റാലിയും പൊതുമ്മേളനവും നയിക്കുന്നത് കുട്ടികളുടെ സ്പീക്കറായ റോസ്നയും പ്രധാനമന്ത്രി അമൃതാശ്രീ വി. പിള്ളയും പ്രസിഡന്റ് തമീം ഇസ്ഹാനും ചേര്‍ന്നാണ്.