റാന്നി: നിത്യഹരിത വനമേഖലയിൽ മാത്രം കണ്ടുവരുന്ന അപൂർവഇനം കുട്ടിത്തേവാങ്കുമായി ചെങ്ങന്നൂരിൽ നാലുപേരെ റാന്നി വനപാലകർ പിടികൂടി. ഇവരിൽ നിന്ന് നാല് കുട്ടിത്തേവാങ്കുകളെയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ബുധനാഴ്ച ഉച്ചയോടെ ചെങ്ങന്നൂരിനു സമീപം കാരയ്ക്കാട്ടുനിന്നാണ് ജോർജ് ജേക്കബ്, സഞ്ജു കെ.രവി, രതീശൻനായർ, പി.എസ്. ശ്രീജിത്ത് എന്നിവരെയാണ് വനപാലകർ കസ്റ്റഡിയിലെടുത്തത്.
കുട്ടിത്തേവാങ്കുകൾ ഇവരുടെ കൈവശം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ ഇവയെ വിലയ്ക്കു വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ വഴി ബന്ധപ്പെടുകയായിരുന്നു. വനപാലകർ എത്തുന്പോൾ ഇവയെ വിൽക്കാൻ സഹായിക്കാനായി സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ഇവർ ഉണ്ടെന്നു മനസിലാക്കി. പിന്നീട് ഇടനിലക്കാർ മുഖേന വനപാലകർ ബന്ധപ്പെടുകയായിരുന്നു.
കുട്ടിത്തേവാങ്കുകൾ നാലിനും കൂടി രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്. അഞ്ചുലക്ഷം രൂപ പറഞ്ഞ് വനപാലകസംഘം വില ഉറപ്പിക്കുകയും പിന്നീട് വളഞ്ഞുവച്ച് ഇവരെ പിടികൂടുകയുമായിരുന്നു.
അപൂർവ വന്യജീവിയായ കുട്ടിത്തേവാങ്കിന് വൻവില ലഭിക്കുമെന്നു പറഞ്ഞ് ലക്ഷങ്ങളാണ് സംഘം ആവശ്യപ്പെട്ടിരുന്നതെന്ന് വനപാലകർ പറഞ്ഞു. നാലുപേരെയും റാന്നി കോടതിയിൽ ഹാജരാക്കി. കുട്ടിത്തേവാങ്കുകളെ കോടതി ഉത്തരവു പ്രകാരം ശബരിമല വനത്തിലെ പ്ലാത്തോട് വനത്തിൽ കയറ്റിവിട്ടതായി വനപാലകർ പറഞ്ഞു. റാന്നി റേഞ്ച് ഓഫീസർ അഭീഷ്, ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.