കോഴിക്കോട്: തെരുവിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഘടകകക്ഷിക്ക് നല്കിയ സീറ്റ് തിരിച്ചെടുത്ത കുറ്റ്യാടിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടിയില്‍ കണ്ണുനട്ട് പ്രവര്‍ത്തകര്‍. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരേ ആദ്യ ദിവസം നടന്ന പ്രകടനം സ്വാഭാവിക വികാരമായാണ് പാര്‍ട്ടി ജില്ലാനേതൃത്വം വിലയിരുത്തിയത്.
എന്നാല്‍ വീണ്ടും പ്രകടനം നടത്തിയതും പൊതുയോഗം നടത്തിയതും അച്ചടക്കവിരുദ്ധമായ നടപടികളാണ്. ഇക്കാര്യം ജില്ലാ സെക്രട്ടറി പി.മോഹനന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് പ്രവര്‍ത്തകര്‍ ആശങ്കയിലായത്. പാര്‍ട്ടി നിലപാടിനെതിരേയാണ് ചില നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്.
പ്രകടനത്തില്‍ പാര്‍ട്ടി വിരുദ്ധര്‍ക്ക് നുഴഞ്ഞുകയറാന്‍ ഇത് സഹായകമായി. ഇത്തരം രീതികള്‍ ഇനിയും ആവര്‍ത്തിക്കുന്നത് ഉചിതമായ രീതിയല്ലെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മാതൃകാപരമായ നടപടിയെന്ന രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ സിപിഎം നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ അച്ചടക്ക നടപടി തെരഞ്ഞെടുപ്പിന് ശേഷമാണുണ്ടാവുകയെന്നാണ് വിവരം.
അതേസമയം കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്നലെ കേരള കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റ് സിപിഎമ്മിനു വിട്ടുനല്‍കിയിരുന്നു. 13 സീറ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.
ഇതോടെ കുറ്റ്യാടിയിലെ സിപിഎം സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. നേരത്തെ പരിഗണിച്ചിരുന്ന കെ.പി.കുഞ്ഞമ്മദ്കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം, കെ.ടി.കുഞ്ഞിക്കണ്ണന്, സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. തുടര്‍ന്ന് മണ്ഡലം കണ്വന്ഷന് നടക്കും. ഇതോടെ കുറ്റ്യാടിയും പ്രചാരണത്തിരക്കിലമരും.