കോഴിക്കോട് : പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടായിരുന്നു സിപിഎമ്മിനുള്ളത്. എന്നാല്‍ പാര്‍ട്ടി തീരുമാനത്തെ നിസംശയം അണികള്‍ അനുസരിക്കുമെന്ന പതിവ് രീതി ഇത്തവണ കുറ്റ്യാടിയില്‍ തെറ്റി.
സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരേ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് പാര്‍ട്ടി നിലപാട് മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്.
കുലംകുത്തികളെന്ന് മുദ്രകുത്തി പുറത്താക്കേണ്ടവരാല് കുറ്റ്യാടി തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് പിന്നീട് കുറ്റ്യാടി സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം വരെ നടത്തിയിരുന്നു .
ഒടുവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി യെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. സിറ്റിംഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി.പി.മുരളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, തിരുവള്ളൂർ, വേളം, കുറ്റ്യാടി, പുറമേരി, കുന്നുമ്മൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന കുറ്റ്യാടി നിയോജക മണ്ഡലത്തിൽ കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ് പാർട്ടികൾക്ക് അവരുടേതായ സ്വാധീനമേഖലകൾ ഉണ്ട്.
ബിജെപി നേതൃത്വം വഹിക്കുന്ന എൻഡിഎയും ചില മേഖലകളിൽ നിർണായക ഘടങ്ങളാണ്. കേരള കോൺഗ്രസ് -എമ്മിന്റെ ഇടത് പ്രവേശനം എൽഡിഎഫിന് ആശ്വാസം പകരുമ്പോൾ മണ്ഡലത്തില്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ വികസനമാണ് യുഡിഎഫിന്റെ തുറുപ്പ്ചീട്ട്.
പ്രവചനാതീതം കുറ്റ്യാടി
കുറ്റ്യാടിയുടെ രാഷ്ട്രീയ മനസ് സ്ഥിരമായി ആരുടെ ഒപ്പം എന്നത് പ്രവചനാതീതമാണ്. പഴയ മേപ്പയൂർ മണ്ഡലം ഇടതിന്റെ കോട്ടയായിരുന്നെങ്കിൽ കുറ്റ്യാടിക്ക് ആ സ്വഭാവം കണ്ടില്ല.ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സിപിഎമ്മും എൽഡിഎഫും കൈയ്മെയ് മറന്ന് പോരാടുമെന്നുറപ്പാണ്.
കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാൻ എൽ ഡി എഫ് പുത്തൻ തന്ത്രം ആവിഷ്കരിക്കുമെന്ന് ഉറപ്പ്. 2016ൽ മുസ്ലിം ലീഗ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയ്ക്ക് 71,809 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത സിപിഎം സ്ഥാനാർഥി കെ.കെ.ലതികയ്ക്ക് 70,65 2, വോട്ടുകളും ബിജെപി സ്ഥാനാർഥി രാമദാസ് മണലേരിക്ക് 12,327 വോട്ടുകളും ലഭിച്ചു.
പാറയ്ക്കൽ അബ്ദുള്ള 1157 വോട്ടുകളുടെ ലീഡിൽ നിയമസഭയിൽ എത്തി. ബിജെപിക്ക് 2011 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ കിട്ടി. 2016ൽ കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാവുമെന്ന പ്രചരണം വ്യാപകമായിരുന്നെങ്കിലും കെ.കെ.ലതിക സ്ഥാനാർഥിയാവുകയായിരുന്നു.
പ്രചാരണത്തില്‍ മുഴങ്ങുന്നത്
കുറ്റ്യാടിയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷത്തിരുന്നിട്ടും അടിസ്ഥാന സൗകര്യ വികസന രംഗത്തും സേവന മേഖലയിലുമെല്ലാം വലിയ വളർച്ചയാണ് ഉണ്ടായതെന്നും 600 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളും ആർദ്രം എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയും കുറ്റ്യാടിയുടെ ജീവ കാരുണ്യ, വികസന മേഖലയിൽ നടപ്പിലാക്കാൻ കഴിഞ്ഞെന്നാണ് പാറക്കൽ അബ്ദുള്ള എംഎൽഎ പറയുന്നത്.
അതേസമയം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുപോലും കുറ്റ്യാടിയിൽ വേണ്ട തരത്തിൽ വികസനം എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.
കേന്ദ്രപദ്ധതികളിലൂടെ മണ്ഡലത്തില്‍ വികസനം കൊണ്ടുവരുമെന്ന പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. ഇരുമുന്നണികളും ഭരിച്ചിട്ടും അടിസ്ഥാന വികസനത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും എന്‍ഡിഎ കുറ്റപ്പെടുത്തുന്നു.