കാട്ടാക്കട : വിതുര കല്ലാറിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചെരിഞ്ഞ കാട്ടാനയുടെ കുട്ടിയെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലെത്തിച്ചു.
ആന ചരിഞ്ഞ സ്ഥലത്തിന് സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാത്തതിനാൽ കുട്ടിയാനയെ തിരിച്ചയക്കുന്നത് ഉചിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കാൻ അധികൃതർ തീരുമാനിച്ചത്.
അമ്പനാട് നിന്നുമെത്തിയ ശ്രീകുട്ടിക്കും മറ്റ് നാലു കുട്ടിയാനകൾക്കൊപ്പവും ഇവിടെ വളർത്തുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരം ഡിഎഫ്ഒ കെ.ഐ.പ്രദീപ്കുമാർ,പാലോട് റേഞ്ച് ഓഫീസർ അജിത്ത് കുമാർ,കോട്ടൂർ കാപ്പുകാട് ഫോറസ്റ്റ് ഡപ്യൂട്ടി വാർഡൻ സതീശൻ, വെറ്ററിനറി ഡോക്ടർ ഷിജു, റാപിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക വാഹനത്തിൽ വൈകുന്നേരം കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.
നാളെ കൂടുതൽ പരിശോധന നടത്തും. ആനകുട്ടിക്ക് എല്ലാവിധ പരിചരണവും നൽകാൻ സൗകര്യം ഉണ്ടെന്നും രണ്ടാഴ്ചയോളം എങ്കിലും നിരീക്ഷണശേഷമേ പൊതു ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉൾപ്പെടെ ആലോചിക്കുകയുള്ളൂ എന്നും വൈൽഡ് ലൈഫ് വാർഡൻ സതീശൻ പറഞ്ഞു. കാപ്പുകാട് ഇപ്പോൾ ആനകളുടെ എണ്ണം 16 ആയി. ഇവയിൽ ആറു കുട്ടിയാനകളും ഉൾപ്പെടും.