ജിബിൻ കുര്യൻ
നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷൻ. നൂറിൽ 89 മാർക്കോടെ സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക്.
എഴുത്തും വായനയും പഠിച്ചു കുട്ടിയമ്മ കോന്തി വായനയിൽ സീരിയസാവുകയാണ്. സാക്ഷരതയുടെ പിൻബലത്തിൽ കടലാസുകളിൽ കഥപോലെ ഓർമകളുടെ കുറിപ്പെഴുത്തും തുടങ്ങിയിരിക്കുന്നു.
കോട്ടയം തിരുവഞ്ചൂർ തട്ടാംപറന്പിൽ കുട്ടിയമ്മ കോന്തി വലിയ അഭിമാനത്തിലാണിപ്പോൾ. നാലാം വയസിൽ ഹൃദിസ്ഥമാക്കേണ്ടിയിരുന്ന എഴുത്തുവായന നൂറ്റിനാലാം വയസിൽ വശമാക്കുകയെന്നത് ചെറിയ നേട്ടമല്ലല്ലോ.
കേരളത്തിലെതന്നെ പ്രായത്തിൽ മുതിർന്ന അമ്മ രണ്ടു മാസത്തെ പഠിപ്പിൽ സ്വന്തമാക്കിയ വിസ്മയനേട്ടം ഫുൾ എ പ്ലസിനേക്കാൾ തിളക്കമാർന്നതാണ്.
നാട്ടിലെ മൂപ്പത്തി റാങ്കുകാരിയായതോടെ തുടരെ അനുമോദനങ്ങളും സ്വീകരണങ്ങളാണിപ്പോൾ. കേൾവിക്കുറവൊഴിച്ചാൽ കാഴ്ചയും ഉൾക്കാഴ്ചയും നന്നായുണ്ട്.
വായനയ്ക്കൊപ്പം വിരലുകൾ വിറയ്ക്കാതെ എഴുതാനാവുന്നു. സദസിനു മുന്നിൽ പത്തുമിനിട്ട് സംസാരിക്കാനും സഭാകന്പമില്ല.
അയലത്തെ അങ്കണവാടി സാക്ഷരതാ പ്രേരക് രഹ്നയാണ് കുട്ടിയമ്മയുടെ ടീച്ചർ. വിദ്യാർഥിനി ടീച്ചറെക്കാൾ 80 വയസോളം മൂത്തയാളാണെന്നതും പറയാതെവയ്യ.
മുക്കിമൂളി പത്രം വായിക്കാൻ ക്ലേശിക്കുന്നതു കണ്ടപ്പോഴാണ് രഹ്നടീച്ചർ കുട്ടിയമ്മയെ സാക്ഷരതാ ക്ലാസിലേക്കു ക്ഷണിച്ചത്.
ആദ്യം മടി പറഞ്ഞെങ്കിലും കുട്ടിയമ്മ പഠിക്കാൻ സീരിയസായി തീരുമാനമെടുത്തു. എഴുത്തു വശമാക്കാമല്ലോ എന്നതായിരുന്നു വാർധക്യകാല പഠിപ്പിനുള്ള താത്പര്യം.
അക്ഷരങ്ങൾ മനഃപാഠമാക്കി. സാക്ഷരതാ പാഠപുസ്തകം വായിച്ചുവായിച്ചു തിട്ടമാക്കി. വാക്കുകളും കവിതകളും കഥകളും ആസ്വാദ്യമായതോടെ നോട്ടുബുക്കിൽ പെൻസിൽകൊണ്ട് അക്കങ്ങളും അക്ഷരങ്ങളും കുറിച്ചു. കൂട്ടക്ഷരങ്ങൾ നേരിയ തടസമായെങ്കിലും വടിവൊത്ത കൈയക്ഷരം കുട്ടിയമ്മയ്ക്കിപ്പോൾ സ്വന്തമാണ്.
കുന്നുംപുറം അങ്കണവാടിയിലെ പരീക്ഷാകേന്ദ്രത്തിലും കുട്ടിയമ്മയായിരുന്നു താരം. ‘വല്ലതും പറയാനുണ്ടെങ്കിൽ ഉറച്ചു പറഞ്ഞോണം, അൽപം കേൾവിക്കുറവുണ്ട്’. പരീക്ഷ തുടങ്ങുമുന്പേ ടീച്ചർമാർക്കു മുന്പിൽ വിദ്യാർഥിനി കുട്ടിയമ്മ നിർദേശം വച്ചു.
ഒറ്റ വാക്കിലും വാചകത്തിലുമായി 100 മാർക്കിന്റെ ചോദ്യങ്ങൾ.
ഓർക്കുക, ജീവികളായ സർവജീവികളും ഭൂമിയുടെ അവകാശികൾ എന്നു പറഞ്ഞതാര് ? വൈക്കം മുഹമ്മദ് ബഷീർ എന്ന ശരിയുത്തരം എഴുതി ആദ്യ മാർക്ക് സ്വന്തമാക്കി.
പാഠപുസ്തകത്തിലെ ഏതെങ്കിലും പാട്ട് നാലുവരി ചൊല്ലാൻ ആവശ്യപ്പെട്ടപ്പോൾ പല്ലൊരെണ്ണം പോലും ശേഷിച്ചിട്ടില്ലാത്ത മോണയിലൂടെ ’മാവേലി നാടുവാണീടും കാലം’ എന്ന പാട്ട് ഈണത്തിൽ ചൊല്ലി. നാലുവരിക്കു പകരം മുഴുവനും പാടി നിര്ത്താനേ മനസ് അനുവദിച്ചുള്ളു.
കണക്കിന്റെ കാര്യത്തിലായിരുന്നു അൽപം ടെൻഷൻ. മനക്കണക്കു കൂട്ടി മാത്രം പരിചയമുള്ളയാൾക്ക് എഴുതിക്കൂട്ടുന്പോൾ തെറ്റുപറ്റുമോ എന്നൊരു പിരിമുറുക്കം.
പരീക്ഷ കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു എത്ര മാർക്ക് പ്രതീക്ഷയുണ്ടെന്ന്. ‘ഞാൻ എഴുതാനുള്ളതൊക്കെ എഴുതിയിട്ടുണ്ട്. അറിഞ്ഞങ്ങ് മാർക്കിട്ടാൽ മതി’യെന്നു പറഞ്ഞാണ് കുട്ടിയമ്മ മടങ്ങിയത്.
നൂറിൽ 89 മാർക്ക് കിട്ടിയതറിഞ്ഞപ്പോൾ ഉൗറിവന്ന പതിവു ചിരി പൊട്ടിച്ചിരിയായി. സാക്ഷരതാ പരീക്ഷ പാസായിരിക്കെ കുട്ടിയമ്മ നാലാം ക്ലാസ് തുല്യതാപരീക്ഷ എഴുതാൻ യോഗ്യത നേടിയിരിക്കുന്നു.
പണ്ടൊന്നും പെണ്പിള്ളാരെ പഠിപ്പിക്കാൻ വിടില്ലായിരുന്നു. ക്ലാസിൽ പഠിപ്പിക്കുന്നയാളാകണമെന്നായിരുന്നു ആഗ്രഹം. അതൊന്നും നടന്നില്ല.
ഈ നൂറ്റിനാലാം വയസിലാണ് പഠിക്കാനും പരീക്ഷയെഴുതി പാസാകാനും നല്ലനേരം വന്നിരിക്കുന്നത്. കൊച്ചുമക്കളും അവരുടെ മക്കളും എഴുതുന്നതും വായിക്കുന്നതും കണ്ടുംകേട്ടും വല്ലാത്തൊരു മോഹം തോന്നിയിരുന്നു.
അങ്ങനെയിരിക്കെയാണ് അമ്മൂമ്മയ്ക്ക് ഇനിയും പഠിച്ചുകൂടേയെന്നു ചോദിച്ച് അങ്കണവാടി ടീച്ചർ വീട്ടിലെത്തിയത്.
ഇനി നാലാം ക്ലാസ് പരീക്ഷ എഴുതണം. അൽപം ഇംഗ്ലീഷും പഠിക്കണം. എല്ലാവരും മൊബൈൽ ഫോണിൽ സംസാരിക്കുന്ന ഇക്കാലത്ത് ഒരു മൈബൈൽ ഫോണ് സ്വന്തമാക്കണമെന്നും വല്ലാത്ത ഒരാഗ്രഹം. സ്വന്തം പേരിലൊരു ഫോണുണ്ടെങ്കിൽ ഇഷ്ടക്കാരോട് ഇഷ്ടംപോലെ വർത്തമാനം പറയാമല്ലോ.
പുലർച്ചെ ഉണരുന്ന കുട്ടിയമ്മ വീട്ടുജോലികളില്ലെല്ലാം സഹായിക്കും. വിറകു ശേഖരിക്കാനും കൃഷിപ്പണിക്കും ആരോഗ്യമുണ്ട്.
കപ്പയും മീനും ഇറച്ചിയുമാണ് ഭക്ഷണത്തിൽ പ്രിയം. ഇലയിട്ടു വിളന്പുന്ന വിശേഷങ്ങളിൽ മാത്രമേ ചോറുണ്ണാറുള്ളു എന്ന അപൂർവതയുമുണ്ട്.
രാവിലെയും വൈകുന്നേരവും കടുംമധുരത്തിൽ കട്ടൻകാപ്പി നിർബന്ധം. നൂറാം വയസിനു മുകളിലും ഷുഗറും പ്രഷറും രോഗങ്ങളും പടിക്കു പുറത്ത്.
സന്ധ്യാനാമം കഴിഞ്ഞാൽ സീരിയലുകളും തമാശകളും വാർത്തകളുമൊക്കെ ടിവിയിൽ കണ്ടങ്ങ് ഉറക്കം വരുംവരെ ഇരിക്കും.
പകൽവേളകളിൽ പത്രവും മാസികകളുമാണ് വായന. തോന്നുന്നതൊക്കെ കടലാസിൽ എഴുതിക്കൂട്ടുന്നതാണ് ഈയിടെയായി ഹോബി.
നൂറാം പിറന്നാളിന് വീട്ടിൽ വലിയ ഘോഷമായിരുന്നു. ഇപ്പോൾ റാങ്ക് ജേതാവായതോടെ നാട്ടിലും വീട്ടിലും തുടരെ അനുമോദനങ്ങൾ. സർക്കാരും ജില്ലാ പഞ്ചായത്തുമൊക്കെ പൊന്നാടയും പട്ടും സമ്മാനിച്ചു.
വിദ്യാഭ്യാസമന്ത്രിയും മറ്റും അഭിനന്ദനം വിളിച്ചറിയിച്ചു. ലോകത്തിലെതന്നെ ഏറ്റവും മുതിർന്ന വിദ്യാർഥിനിയായ കുട്ടിയമ്മ കോന്തി വിദേശമാധ്യമങ്ങളിൽ വരെ താരമായിരിക്കുന്നു.
തിരുവഞ്ചൂർ തട്ടാംപറന്പിൽ പരേതനായ ടി.കെ.കോന്തിയുടെ ഭാര്യയായ കുട്ടിയമ്മയ്ക്ക് പതിനാറാം വയസിലായിരുന്നു വിവാഹം. ജാനകി, ഗോപാലൻ, രാജപ്പൻ, പരേതരായ ഗോപി, രവീന്ദ്രൻ എന്നിവർ മക്കൾ. ഗോപാലനൊപ്പം തിരുവഞ്ചൂരിൽ താമസം.
മക്കളിൽ 76 കാരൻ ഗോപാലനെയും 81കാരി ജാനകിയെയും കണ്ടാൽ കുട്ടിയമ്മയുടെ കൂടെപ്പിറപ്പുകളാണെന്നേ തോന്നൂ.
അഞ്ച് തലമുറയെ പോറ്റി സ്നേഹിക്കാനായതിന്റെ സന്തോഷത്തിൽ കുട്ടിയമ്മ നാലാം ക്ലാസ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്. കൊച്ചുമക്കൾ ഓണ്ലൈനിലും വല്യമ്മൂമ്മ ഓഫ്ലൈനിലുമാണ് പഠനം.