കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻപുഴയുടെ സമീപം വനത്തിനുള്ളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ സുരക്ഷിതമായി ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോണ് എംഎൽഎ മന്ത്രി പി. രാജുവിന് കത്ത് നൽകി.
വടാട്ടുപാറ പലവൻപടിയിൽ വാട്ടർ ടാങ്കിനു സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടുകാർ കാട്ടാനക്കുട്ടിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഏകദേശം നാലു മാസം മാത്രമാണ് കാട്ടാനക്കുട്ടിയുടെ പ്രായമെന്ന് വെറ്ററിനറി ഡോക്ടർ പരിശോധനയ്ക്ക് ശേഷം പറഞ്ഞു.
നിലവിൽ ആനക്കയം ഫോറസ്റ്റ് ക്യാന്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയാണെന്നും, കടുത്ത ചൂടിലും മറ്റും കാട്ടാനക്കുട്ടി ക്ഷീണിതനാണെന്നും അതുകൊണ്ട് സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് ആനക്കുട്ടിയെ അടിയന്തരമായി മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്നും എംഎൽഎ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.