പാലക്കാട്: കൂട്ടംതെറ്റി ജനവാസമേഖലയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. അട്ടപ്പാടിയില്‍ ബൊമ്മിയാംപടിയിലെ വനംവകുപ്പ് ക്യാമ്പില്‍ ആയിരുന്ന കുട്ടിയാനയാണ് ചരിഞ്ഞത്.
കഴിഞ്ഞ മാസം 15നാണ് പാലൂരിലെ ജനവാസ മേഖലയില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്ക് പിന്നാലെ തള്ളയാന കുട്ടിയാനയെ കൊണ്ടുപോയി.
എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ഇവിടെ എത്തുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുട്ടിയാനയെ കണ്ടത്.
സ്വകാര്യതോട്ടത്തിലെ തോടിനരികെ അവശനിലയില്‍ കുട്ടിയാനയെ കണ്ട വിവരം തൊഴിലാളികള്‍ വനംവകുപ്പിനെ അറിയിച്ചു. ഇവര്‍ കുട്ടിയാനയ്ക്ക് വെള്ളവും ഭക്ഷണവും നല്കി.
രാത്രിയോടെ കുട്ടിയാനയുടെ അരികെ അമ്മയാന എത്തിയിരുന്നുവെങ്കിലും കാട്ടിലേക്ക് മടങ്ങി. ആനയെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്.