വിതുര: കുട്ടിയാനയുടെ ജഡത്തിന് സമീപം നിൽക്കുന്ന തള്ളയാനയെ മാറ്റാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ രണ്ട് രാത്രിയായി തള്ളയാന കുട്ടിയാനയുടെ ജനത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.
സമീപത്തായി കാട്ടാനക്കൂട്ടവും ഉണ്ട്. അതിനാൽ വനം അധികൃതർക്ക് കുട്ടിയാനയുടെ ജഡത്തിന് സമീപം പോകാൻ കഴിയാത്ത അവസ്ഥയാണ്.
വിതുര തലത്തൂതകാവ് മുരുക്കുംകാലയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. ശനിയാഴ്ച രാത്രി മുരുക്കുംകാല സ്വദേശി ഗൗരികുട്ടിയാണ് വീട്ടുവളപ്പിന് സമീപം കുട്ടിയാനയുടെ ജഡം കണ്ടത്. സ്ഥിരമായി ആനകളുടെ ശല്യം ഉണ്ടാകാറുള്ള സ്ഥലമാണ് ഇവിടം
ആനകളെ തുരത്താനായി വീടിനു സമീപം തീ കൂട്ടാനായി പോകുന്നതിനിടയിലാണ് ഒരു കൂട്ടം ആനകളെ കണ്ടത്. തുടർന്ന് ഇവർ ബഹളം വച്ചങ്കിലും ആനകൾ പിന്മാറിയില്ല.
തുടർന്ന് ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി താഴേക്ക് കൊണ്ടുപോകുന്ന കാഴ്ച കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു.
രാത്രിയോടെ മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടം പിന്മാറാത്തതിനെ തുടർന്ന് കുട്ടിയാനയുടെ ജഡത്തിനരികിലേക്ക് പോകാൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ അര കിലോമീറ്റർ അപ്പുറം വേങ്ങത്താരയിൽ പിടിയാന നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
സമീപത്തായി കുട്ടിയാനയുടെ ജഡവും ആനക്കൂട്ടവും ഉണ്ടായിരുന്നു. കുട്ടിയാന ചരിഞ്ഞത് അറിയാതെ ഇത്രയും ദൂരം ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി ഉരുട്ടികൊണ്ട് പോവുകയായിരുന്നു.
രാവിലെ തന്നെ ഫോറസ്റ്റ് അധികൃതരും ആർ ആർ ടീമും പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ രാത്രിയായിട്ടും കുട്ടിയാനയുടെ ജഡത്തിന് സമീപത്തുനിന്ന് തള്ളയാന മാറാത്തതിനെ തുടർന്ന് അധികൃതർ ശ്രമം ഇന്നലെ നിർത്തി വച്ചിരുന്നു