ജഗീഷ് ബാബു
കോന്നി: വനമേഖലയോടു ചേർന്ന ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയ രണ്ടു മാസം പ്രായം വരുന്ന കുട്ടിക്കൊമ്പൻ ഇനി കോന്നിയിൽ വളരും. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടിയാനകളുടെ പനരധിവാസ കേന്ദ്രത്തിൽ ഇന്ന് രാവിലെ ആറിനാണ് മലപ്പുറം ജില്ലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കുട്ടിയാനയെ ആനത്താവളത്തിൽ എത്തിച്ചത്.
അമ്മയാനയിൽ നിന്നും കൂട്ടം തെറ്റി കഴിഞ്ഞ മാർച്ച് 13നാണ് മലപ്പുറം വഴിക്കടവ് പുത്തരിപാടത്തെ ജനവാസ കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് നാട്ടുകാർ ആനക്കുട്ടിയെ കണ്ടെത്തിയത്. വനത്തോട് ചേർന്ന് മൈതാനത്ത് കുട്ടികൾ പന്ത് കളിക്കുന്നിടത്തേക്ക് ഓടിയെത്തിയ കുട്ടിയാനയെ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വനപാലകർ തിരികെ വനത്തിലേക്ക് കടത്തിവിടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
ഒറ്റപ്പെട്ട കുട്ടിയെ അമ്മയ്ക്കരികിൽ എത്തിക്കാനായി കാട്ടാന സംഘത്തെ വനത്തിൽ തെരഞ്ഞെങ്കിലും ഇതും സാധ്യമായില്ല
ഇതേ തുടർന്ന് ആനക്കുട്ടിയെ നെല്ലിക്കുന്ന് വനം സ്റ്റേഷൻ സമീപത്തെ മുറിയിൽ പാർപ്പിച്ച് സംരക്ഷിച്ചു വരികയായിരുന്നു. കോഴിക്കോട് വനം വെറ്ററിനറി സർജൻ ഡോ. അരുൺ ഇവിടെ താമസിച്ചാണ് ആനക്കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയത്.
പത്തു ലിറ്റർ ലാക്റ്റോജനും, ഗ്ലൂക്കോസും, മറ്റു പോഷകങ്ങളും, മരുന്നും നൽകിയുള്ള സംരക്ഷണത്തിനിടെ ആനക്കുട്ടിയുടെ ശരീരോഷ്മാവും ഇടയ്ക്കിടെ പരിശോധിച്ചിരുന്നതായി ഡോ. അരുൺ സത്യൻ പറഞ്ഞു. നിലവിൽ ആനക്കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ആനക്കുട്ടിയെ നേരത്തേ മുത്തങ്ങ ആന പരിപാലന കേന്രത്തിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശാനുസരണം കോന്നി ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നെല്ലിക്കുന്നിൽ നിന്നും ശീതീകരണ സൗകര്യങ്ങൾ ഉള്ള വാഹനത്തിൽ ഡോ. അരുണിന്റെ നേതൃത്തിലുള്ള വനപാലക സംഘമാണ് ആനക്കുട്ടിയെ കോന്നിയിൽ എത്തിച്ചത്.
ഇവിടെ രാവിലെ എത്തിയ ആനക്കുട്ടിയെ വാഹനത്തിൽ നിന്നും പുറത്തിറക്കിയ ശേഷം ഇക്കോ ടൂറിസം കേന്ദ്രത്തിലെ നടപ്പാതകളിലേക്ക് ഇറക്കി വിടുകയായിരുന്നു. പിന്നീട് ആന പാപ്പാൻമാർ ആനക്കുട്ടിയെ ആനത്താവളത്തിലെ രണ്ടാം കൂട്ടിനുള്ളിലേക്ക് കയറ്റി കൂട് അടച്ചു.
ഇനി വനം ഡി എഫ് ഒയുടെ നേതൃത്വത്തിൽ ആനയുടെ സംരക്ഷണ രീതികൾ തീരുമാനിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആനക്കുട്ടിയെ തൽക്കാലം സന്ദർശകരിൽ നിന്നും ഒഴിവാക്കാനാണ് തീരുമാനം ഉണ്ടാവുകയെന്ന് വനപാലകർ വ്യക്തമാക്കി.