തിരുവല്ല: കുറ്റൂര്‍ തെങ്ങേലിയില്‍ നടവഴി വീതി കൂട്ടാനെന്ന പേരില്‍ സ്വകാര്യവസ്തു കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതില് പൊളിച്ച് വഴി നിര്‍മിച്ച സ്ഥലത്തു വീണ്ടും സംഘര്‍ഷം.
പൊളിച്ച മതില് പുനര്‍നിര്‍മിക്കാന്‍ നടത്തിയ നീക്കം ഒരുവിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
ഇതിനിടെ മതില് പൊളിക്കാന്‍ നേതൃത്വം നല്‍കുകയും സ്ഥലം ഉടമയെ വെട്ടി പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും.
യുഡിഎഫ്, ബിജെപി നേതാക്കള്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. വഴി തര്‍ക്കം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നാണ് നിലപാടെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ അക്രമ ഭീഷണി മുഴക്കിയും, മാരകായുധങ്ങളുംസ്ഫോടക വസ്തുക്കളുമായി അക്രമം അഴിച്ചുവിട്ടു കൈയേറ്റം നടത്തുന്ന രീതി ജനാധിപത്യ വിരുദ്ധവും താലിബാന് മാതൃകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു.