ശ്രീകണ്ഠപുരം: മൂന്ന് ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കുട്ടാവ് പാറക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരിക്കൂർ-കൂടാളി-കുറ്റ്യാട്ടൂർ പഞ്ചായത്തുകളെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന പാറക്കടവിൽ പാലം നിർമിച്ചാൽ 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കുന്നതിന് പകരം 100 മീറ്റർ മാത്രം പാലത്തിൽ കൂടി സഞ്ചരിച്ചാൽ മതിയാകും.
തികച്ചും ഉൾപ്രദേശമായ ഇരിക്കൂർ പഞ്ചായത്തിലെ കുട്ടാവിൽ നിന്ന് കൂടാളി പഞ്ചായത്തിലെ കൊളപ്പയിലേക്കും കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിടുകുളത്തേക്കും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും.
ഇതുവഴി മട്ടന്നൂർ വിമാനത്താവളത്തിലേക്കും മയ്യിൽ, കണ്ണൂർ, തലശേരി ഭാഗങ്ങളിലേക്കും എത്തുന്നതിന് എളുപ്പമാകും. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ നിന്ന് ശ്രീകണ്ഠപുരം വഴി വരുന്നവർക്ക് വിമാനത്താവളത്തിലേക്കും കണ്ണൂരിലേക്കും എത്തുന്നതിന് 5 കിലോമീറ്ററോളം ദൂരക്കുറവ് ലഭിക്കും.
വേനൽക്കാലത്ത് മാത്രമാണ് പാറക്കടവ് വഴി നാട്ടുകാർ അക്കരെയിക്കരെ തോണിയിൽ പോകുന്നത്. വേനൽകാലത്ത് പോലും ശക്തമായ അടിയൊഴുക്കും ആഴവുമുള്ള പുഴയായതിനാൽ ജീവൻ പണയം വെച്ചാണ് ഇതുവഴി ആളുകൾ കടന്നു പോകുന്നത്. മഴക്കാലത്ത് തോണിയില്ലാത്തതിനാൽ സംസ്ഥാന പാതയിലും തിരിച്ചുമെത്തുന്നതിന് യാത്രക്കാർ രണ്ടു ബസുകളിൽ കയറി 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കുകയാണ് ചെയ്യുന്നത്.
നിലവിൽ കൂട്ടാവ് കടവ് വരെ ബസ് സർവീസ് നടത്തുന്നുണ്ട്. പാലം വന്നാൽ ഇതു വഴി മറുകരയിലക്കും തിരിച്ചും സർവീസ് നടത്താൻ ഏറെ എളുപ്പവുമായിരിക്കും. വികസനമില്ലാതെ മുരടിച്ചു നിൽക്കുന്ന പ്രദേശങ്ങൾക്ക് പാലം ഉണർവ് നൽകുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ. ഒപ്പം ഗതാഗത ദുരിതത്തിന് പരിഹാരവുമാകും.