ഇരിട്ടി: തലശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ കെഎസ്ടിപി നിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവൃത്തി തടസപ്പെട്ട് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയത്തിനെതിരെ ഹര്‍ത്താലും അന്തര്‍സംസ്ഥാനപാത ഉപരോധവുമായി ബിജെപി. ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയോര ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന്റെ ആദ്യപടിയായി കൂട്ടുപുഴയില്‍ ആറിന് രാവിലെ 11ന് ഇരിട്ടി – ബംഗളരു അന്തര്‍ സംസ്ഥാന പാത ഉപരോധിക്കും.
വടക്കേ മലബാറിലെ ആയിരക്കണക്കായ ജനങ്ങള്‍ക്ക് മൈസൂര്‍ , ബംഗളൂരു തുടങ്ങിയ കര്‍ണാടക നഗരങ്ങളില്‍ എത്താനുള്ള പരമ പ്രധാന പാത എന്ന നിലയില്‍ ഈ പാതയുടെ പ്രാധാന്യം വളരെ വലുതാണ്. മൂന്ന് മാസമായി പ്രതിസന്ധി തുടര്‍ന്നിട്ടും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാത്തത് മലയോരത്തിനോടുള്ള കടുത്ത അവഗണനയാണ്.
1928 ല്‍ ഈ പാതയില്‍ കേരളാ-കര്‍ണാടക അതിര്‍ത്തിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതും തകര്‍ച്ചാ ഭീഷണി നേരിടുന്നതുമായ പാലത്തിനു പകരമായാണ് വീതിയേറിയതും സൗകര്യപ്രദവുമായ നിലയിലാണ് ഇപ്പോള്‍ കെഎസ്ടിപി ലോകബാങ്ക് സഹായത്തോടെ പുതിയ പാലം കൂട്ടുപുഴക്ക് കുറുകെ നിര്‍മിക്കുന്നത്.
തീര്‍ത്തും കേരളത്തിന്റെ അധീനതയിലുള്ള പ്രദേശത്താണ് പാലം പണിയുന്നത് എന്നിരിക്കെ പാലത്തിന്റെ കര്‍ണാടകത്തോട് ചേര്‍ന്ന ഭാഗം തങ്ങളുടെ അധീനതയില്‍പെട്ട വനഭൂമിയയാണെന്നു കാണിച്ച് കര്‍ണാടക പാലത്തിന്റെ നിര്‍മാണ പ്രവൃത്തി തടയുകയായിരുന്നു.
കേരളത്തിന്റെ കയ്യില്‍ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ എല്ലാ രേഖകളും ഉണ്ടായിട്ടും പ്രവൃത്തി തടസപ്പെടുത്തിയ കര്‍ണാടക അധികതൃതരുടെ നടപടി ചോദ്യം ചെയ്യാനോ പ്രവൃത്തി തുടര്‍ന്ന് നടത്താനുള്ള ആര്‍ജ്ജവം കാണിക്കുകയോ ചെയ്യാതെ മിണ്ടാതിരിക്കുന്ന കേരളത്തിലെ ഭരണ – പ്രതിപക്ഷ നയത്തിനെതിരെയാണ് ബിജെപി പ്രക്ഷോഭം നടത്താനായി ഒരുങ്ങുന്നത്.
ഇതിനു മുന്നോടിയായി ബി ജെ പി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കൂട്ടുപുഴ പാലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വഴി തടയലിന് ശേഷം ഹര്‍ത്താല്‍ ഉള്‍പ്പെടെ തുടര്‍ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് നേതാക്കളായ പി.എം. രവീന്ദ്രന്, എം.ആര്. സുരേഷ്, സത്യന്കൊമ്മേരി, പി.കൃഷ്ണന്, രാമദാസ് എടക്കാനം, സജിത്ത് കീഴൂര്‍ എന്നിവര്‍ അറിയിച്ചു.