തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിനു പിതാവിന് 25,000 രൂപ പിഴയിട്ട് കോടതി. മെയ് അഞ്ചിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവർ പിടിയിലായത്.
ലൈസൻസ് ഇല്ലെന്നു കണ്ടതിനെത്തുടർന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവത്തിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴ വിധിക്കുകയായിരുന്നു. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം തടവ് അനുഭവിക്കാനും കോടതി വിധിയിലുണ്ട്.
സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാൻ കർശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീർ പറഞ്ഞു.
കൂടാതെ നിയമാനുസൃതമായി രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കാതെ അപകടകരമായി ഡ്രൈവിംഗ് നടത്തുന്നവർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെ കടുത്ത നടപടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.