കായംകുളം: കളിച്ചുകൊണ്ടിരിക്കുന്നതിടയിൽ ഒന്നര വയസുകാരന്റെ തലയിൽ കലം കുടുങ്ങി. പിന്നെ കരച്ചിലായി, ബഹളമായി, ഒടുവിൽ തലയിൽ കുടുങ്ങിയ അലൂമിനിയം കലം മുറിച്ചുമാറ്റി അഗ്നിശമന സേന രക്ഷകരായി.
കായംകുളം ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി മണ്ണുന്പുറത്തു വീട്ടിൽ പവിത്തിന്റെ ഒന്നര വയസുള്ള മകൻ പാർഥിവിന്റെ തലയിലാണു കലം കുടുങ്ങിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ കലം എടുത്തു തലയിലിട്ട കുട്ടി പിന്നീട് ഇത് ഉൗരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പരിഭ്രാന്തരായ വീട്ടുകാർ ഏറെനേരം പരിശ്രമിച്ചെങ്കിലും കലം ഉൗരിപ്പോന്നില്ല. ഒടുവിൽ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ കായംകുളം അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു.
കുട്ടി പരിഭ്രാന്തനായിരുന്നതിനാൽ തലയിൽ മുറിവേൽക്കാതെ കലംമുറിച്ചു മാറ്റുകയെന്നത് ശ്രമകരമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റാനായത്.