ആലുവ: മലയാറ്റൂരിലുള്ള കാമുകിയെ കാണാനാണ് അഞ്ചു പേർ ചേർന്ന് രണ്ടു ബൈക്കുകളിലായി എത്തിയത്. എന്നാൽ, പാതിവഴിയിൽ കാലടിയിൽ വച്ച് പോലീസ് കൈകാണിച്ചു.
ഇതോടെയാണ് കള്ളി വെളിച്ചത്തായത്. ചുരുളഴിഞ്ഞതാകട്ടെ ന്യൂ ജനറേഷൻ ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടിക്കവർച്ചക്കാരുടെ സാഹസിക കഥകളും.
പ്രായപൂർത്തിയാകാത്ത രണ്ടുപേരുൾപ്പടെ അഞ്ചു പേരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം കാലടി സിഐ എം.ബി. ലത്തീഫും സംഘവും പിടികൂടിയത്.
പാലക്കാട് ചിറ്റൂർ കല്ലാട്ടേരി പള്ളിപ്പുറം വെർക്കോലി വീട്ടിൽ വിജയ് (20) ചിറ്റൂർ എളപ്പുള്ളി മാമ്പുള്ളി വീട്ടിൽ സുബിൻ (22) തൃശൂർ അളകപ്പനഗർ വരക്കാര കപ്പേള നെടുവേലിക്കുടി വീട്ടിൽ ബിന്റോ (25) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.
ഇവരിൽനിന്ന് അഞ്ച് ന്യൂ ജനറേഷൻ ബൈക്കുകളും പിടികൂടി. ശനിയാഴ്ച വൈകിട്ട് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല റോഡിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് രണ്ടു ബൈക്കുകളിലായി അഞ്ച് പേർ വരുന്നത് പോലീസിന്റെ ശ്രദ്ധയിൽ പ്പെട്ടത്.
ബൈക്കുകൾക്ക് നമ്പർ പ്ലേറ്റില്ലായിരുന്നു. കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരളഴിയുന്നത്.
പണം ആഡംബരജീവിതത്തിനും ലഹരിക്കും
മോഷ്ടിച്ച ബൈക്കുകളിൽ പ്രായപൂർത്തിയാകാത്ത ആളുടെ മലയാറ്റൂരുള്ള കാമുകിയെ കാണാനെത്തിയതാണ് സംഘം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ബൈക്കുകൾ ഇവർ ഇതിനകം കവർന്നിട്ടുണ്ട്.
ബാക്ക് വിറ്റുകിട്ടുന്ന പണം ലഹരി വാങ്ങി ഉപയോഗിക്കാനും ആഡംബര ജീവിതത്തിനുമായി ചിെലവിടും.
ഏതു ലോക്കും ഇവനു നിസാരം
ഇതിലെ പ്രായപൂർത്തിയാകാത്ത ഒരാൾ വർക്ക് ഷാപ്പ് മെക്കാനിക്കാണ്. ലോക്ക് ചെയ്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക് വിദഗ്ധമായി സ്റ്റാർട്ട് ചെയ്ത് പുറത്തെത്തിക്കുന്നത് ഇയാളാണ്.
തുടർന്ന് പാലക്കാട് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂട്ടാളികളെ ഇനിയും പിടികൂടാനുണ്ടെന്നും അതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.