കരുനാഗപ്പള്ളി :ഹെൽമെറ്റ് ധരിച്ചും സീറ്റ് ബൽറ്റ് ധരിച്ചും യാത്ര ചെയ്തവർക്ക് മിഠായികളും നിയമം ലംഘിച്ചവർക്ക് ലഘുലേഖകളും ബോധവൽക്കരണവും നല്കി കരുനാഗപ്പള്ളി പോലീസും കുട്ടിപ്പോലീസും രംഗത്ത്.വേഗത വേണ്ട ജീവിതം മതി എന്ന സന്ദേശത്തോടെ കൊല്ലം സിറ്റി പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി പോലീസ് ആരംഭിച്ച ബോധവത്കരണ കാന്പയിന്റെ ഭാഗമായാണ് ഇത്തരത്തിൽ യാത്രക്കാർക്കായി വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉത്ഘാടനം കരുനാഗപ്പള്ളി അസിസ്റ്റൻറ്പോലീസ് കമ്മീഷണർ എ വി അരുൺ രാജ് നിർവ്വഹിച്ചു. പോലീസ് സ്റ്റേഷന് മുൻവശം വെച്ച് നിർവ്വഹിച്ചു.പുതുതലമുറയിൽ പെട്ട യുവാക്കൾ ന്യൂ ജെൻ ബൈക്കുകളിൽ അതിവേഗതയിലും അമിത ശബ്ദം പുറപ്പെടുവിച്ച് ഹെൽമെറ്റ് ധരിക്കാതെറോഡിലൂടെ തലങ്ങും വിലങ്ങും ചീറി പായുന്നത് വ്യാപകമാകുന്ന പശ്ഛാത്തലത്തിലാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം കരുനാഗപ്പള്ളിയിൽ മാത്രം നിരവധിപേരാണ് മരിച്ചത്. അമിത വേഗതയിലും, ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും യാത്ര ചെയ്യുന്ന യാത്രക്കാർക്കായി മൂന്നുദിവസത്തേക്ക് ഇത്തരത്തിൽ ബോധവത്ക്കരണം നടത്തുകയും, തുടർന്നുള്ള ദിവസങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് എതിരെ കേസ് എടുത്ത് ലൈസൻസ് ഉൾപ്പടെ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുന്നതാണെന്നും കരുനാഗപ്പള്ളി എസിപി അറിയിച്ചു.
പുതിയ വിദ്യാലയ വർഷം തുടങ്ങുന്ന പശ്ചാത്തലത്തിൽ ഇത്തരം ന്യൂ ജൻബൈക്കുയാത്രികർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടി ആരംഭിക്കുന്നത്.കരുനാഗപ്പള്ളി ടൗണിൽ വിവിധ സ്കൂളുകളിൽ നിന്ന് വൈകുന്നേരം സ്കൂൾ വിടുമ്പോൾ അയ്യായിരത്തോളം കുട്ടികളാണ് ദേശീയ പാതയിലേക്ക് ഇറങ്ങുന്നത്.
സൈക്കിളുകളിൽ ഉൾപ്പടെ പോകുന്ന വിദ്യാർത്ഥികൾക്കിടയിലൂടെ അപകടം വിതച്ച് അമിത വേഗതയിൽ സഞ്ചരിക്കുന്ന ബൈക്ക് യാത്രക്കാർ പലപ്പോഴും ഭീതി ഉണർത്തുന്ന കാഴ്ചയാണ്.ഇത്തരത്തിൽ അമിതവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദവുമായിപ്പായുന്ന ബൈക്കുകൾ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിനായി സ്കൂൾ തുറക്കുന്നതോടെ ശക്തമായ പരിശോധന ഉണ്ടാകും.