സുൽത്താൻബത്തേരി: ഗവ.സർവജന ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ്മുറിയിൽ പാന്പുകടിയേറ്റുമരിച്ച കേസിൽ മാനന്തവാടി എഎസ്പി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ അധ്യാപകരുടെ മൊഴിയെടുത്തു. രാവിലെ വിദ്യാലയത്തിലെത്തിയ അന്വേഷണസംഘം ഷഹലയ്ക്കു പാന്പുകടിയേറ്റ സമയം ക്ലാസ് മുറിയിലെത്തിയ അധ്യാപകരിൽനിന്നാണ് ആദ്യം മൊഴിയെടുത്തത്. പിന്നീട് മറ്റധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തി.
രാവിലെ തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. അധ്യാപകരെ ഒന്നൊന്നായി വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കുട്ടിക്കു പാന്പുകടിയേറ്റതുമുതലുള്ള സംഭവങ്ങളാണ് അധ്യാപകരോട് ചോദിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതു വൈകാനുണ്ടായ സാഹചര്യമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ആരാഞ്ഞത്.
ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് എഡിപിഐയും ഇന്നലെ സ്കൂളിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തു.സ്കൂളിലെത്തിയ മുഴുവൻ അധ്യാപകരോടും സംഭവത്തെപ്പറ്റി ചോദിച്ചശേഷം കാര്യങ്ങൾ കടലാസിൽ എഴുതിവാങ്ങി. കുട്ടികളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥർ തെളിവെടുപ്പിനു വരുന്നതറിഞ്ഞു നിരവധി വിദ്യാർഥികളും രക്ഷിതാക്കളുമാണ് സ്കൂളിൽ എത്തിയത്. സ്കൂൾ പടിക്കൽ കുട്ടികൾ കുത്തിയിരിപ്പുസമരവും നടത്തി.എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയശേഷമാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. കുറ്റക്കാരായ മുഴുവൻ അധ്യാപകരെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.