പാലക്കാട്: സംസ്ഥാനതല ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് മത്സരത്തിൽ നിന്നും പാലക്കാട് കാണിക്കമാത ഹയർ സെക്കൻഡറി സ്കൂളിലെ എസ.് അഷ്നയും എം.ഗോപികയും ദേശീയ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാല ശാസ്ത്രജ്ഞരായി.
ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് കണ്ടെത്തലുകൾ ഉൾപ്പെടെ 87 ഗവേഷണങ്ങളാണ് കോഴിക്കോട് ജല വിഭവ വിനിയോഗ പഠന കേന്ദ്രത്തിൽ (സി ഡബ്ലിയു.ആർ.ഡി.എം) കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ശാസ്ത്ര വിദഗ്ദർ പരിശോധിച്ചത്.
അതിൽ അഷ്നയും ഗോപികയും ഗൈഡ് എം.സ്മിതയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ ഗവേഷണ പരീക്ഷണങ്ങളിലൂടെ മനുഷ്യ മലത്തെ പൊടി രൂപത്തിലുള്ള മികച്ച ജൈവ വളമായും കുടിവെള്ളമായും വേർതിരിച്ചെടുത്തത്. ആർക്കും അരോചകമില്ലാതെ കൈകാര്യം ചെയ്യാമെന്ന തരത്തിൽ ഇത്തരമൊരു കണ്ടെത്തലാണ് ഇവരെ ദേശീയ തല ബാലശാസ്ത്ര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ കാരണമായത്.
ഡിസംബർ അവസാനവാരം ഭുവനേശ്വറിൽ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിൽ ഇവരുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര തല മത്സരാർത്ഥികളുടെ കണ്ടെത്തലുകൾക്കൊപ്പം മാറ്റുരക്കപ്പെടുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ പറഞ്ഞു.
കേരളത്തിൽ നിന്ന് ആകെ പത്ത് ഗവേഷണങ്ങൾ സീനിയർ വിഭാഗത്തിലും ആറെണ്ണം ജൂനിയർ വിഭാഗത്തിലുമായി ദേശീയ തലത്തിൽ മത്സരിക്കുന്നുണ്ട്.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പരിപാടിയുടെ കേരളത്തിലെ സംഘാടകർ.