സ്വന്തം ലേഖകന്‍
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കും വിധത്തില്‍ പരസ്യപ്രതിഷേധം വ്യാപകമാകുന്ന കുറ്റ്യാടിയില്‍ വിട്ടുവീഴചയ്ക്ക് തയാറാണെന്നു കേരള കോണ്‍ഗ്രസ് -എം.
ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സിപിഎം നേതൃത്വത്തെ അറിയിക്കുമെന്നും കേരള കോണ്‍ഗസ്-എം നേതൃത്വം പറഞ്ഞു.
സിപിഎമ്മിനുള്ളിലെ പ്രതിഷേധത്തിനിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പ്രചാരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ഈ സാഹചര്യത്തില്‍ കുറ്റ്യാടി -തിരുവമ്പാടി സീറ്റുകള്‍ വച്ചു മാറാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം.
ആശയക്കുഴപ്പം
അതേസമയം തിരുവമ്പാടിയില്‍ സിപിഎം സ്ഥാനാര്‍ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലിന്റോ ജോസഫിനെയാണ് സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ ലിന്റോ പ്രചാരണവും ആരംഭിച്ചു.
അതിനിടെ മണ്ഡലം മാറി മത്സരിക്കുകയെന്നതു പ്രയാസകരമാണെന്നാണ് സിപിഎം പറയുന്നത്.
അതേസമയം, കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി മത്സരിക്കണമെന്ന പൊതുവികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.
അതിനാല്‍ ലിന്റോയെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധത്തിനു സാധ്യതയില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്.
വിട്ടുകൊടുത്താൽ
കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും നേതാക്കള്‍ അറിയിച്ചു. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി ഉള്‍പ്പെടുത്താതെയാണ് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്.
സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ തന്നെ അപൂര്‍വമായ സാഹചര്യമാണ് കുറ്റ്യാടിയില്‍ നേരിടേണ്ടി വന്നത്.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ അണികളുടെ ഭാഗത്ത് നിന്നും സിപിഎം അസാധാരണ പ്രതിഷേധമാണു നേരിടേണ്ടി വന്നത്.
പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിനു സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയത്.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുനയശ്രമം വകവയ്ക്കാതെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
വിശദീകരണയോഗം നാളെ
നാളെ വിശദീകരണയോഗം സിപിഎം സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രാദേശിക വികാരത്തില്‍ മാറ്റം വരുത്താനാവില്ല.
കുറ്റ്യാടിയിലെ പ്രതിഷേധം തൊട്ടടുത്ത നാദാപുരം മണ്ഡലത്തെ ബാധിക്കാനുള്ള സാധ്യത സിപിഐയേയും ആശങ്കയിലാക്കുന്നുണ്ട്. 2008ലെ പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് നിലവില്‍വന്ന മണ്ഡലമാണ് കുറ്റ്യാടി.
പഴയ മേപ്പയൂര്‍ മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവിടെ 2011ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.കെ. ലതിക 6,972 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലിം ലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയിരുന്നു. 2016ല്‍ ലതികയെ ലീഗിന്റെ പാറയ്ക്കല്‍ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി.
പ്രദേശിക വികാരം മാനിക്കാതെ ലളിതയെ വീണ്ടും നിര്‍ത്തിയത് അന്ന് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതാണ് പിന്നീടു പരാജയത്തിലേക്കു നയിച്ചത്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുറ്റ്യാടി മണ്ഡലം ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കുമെന്നാണ് പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നത്.
അതിനാല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
യുഡിഎഫിലായിരിക്കെ കേരള കോണ്‍ഗ്രസ് ജില്ലയില്‍ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് ഇവിടെ പരാജയപ്പെട്ടു.
ഇത്തവണയും രാമകൃഷ്ണന് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പേരാമ്പ്രയ്ക്കു പകരം കേരള കോണ്‍ഗ്രസിനു നല്‍കിയതാണ് കുറ്റ്യാടി.