കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കുറ്റ്യാടി വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ സഹായ അഭ്യർഥനയുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. ആവശ്യത്തിന് രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ലെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഞങ്ങളെ രക്ഷിക്കൂ, ആവശ്യത്തിന് രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാന്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു.
നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി. ഇതൊരു കുറ്റപ്പെടുത്തലല്ല. ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം.