കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന തർക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരേയും സിപിഎം രംഗത്ത്.
യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎയെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തിൽ സിപിഎം നടപടി ആരംഭിച്ചത്.
പരസ്യപ്രകടനം നടത്തിയതിന്റെ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെ കഴിഞ്ഞ ദിവസം കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെ സിപിഎം നടപടിയെടുത്തത്.
കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പാലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, കെ.പി. ഷിജിൽ എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.
കെ.പി. വത്സൻ, സി.കെ. സതീശൻ, കെ.വി. ഷാജി എന്നിവരെ ഒരു വർഷത്തേക്കും സി.കെ. ബാബു, എ.എം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്തു.
വടയം ലോക്കൽ കമ്മിറ്റിയിലെ ഏരത്ത് ബാലൻ, എ.എം. അശോകൻ എന്നിവരെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ. ജമാൽ, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദൻ, ഡിവൈഎഫ്ഐകുറ്റ്യാടി മേഖല സെക്രട്ടറി കെ.വി. രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
പുറത്താക്കിയവരിൽ പാലേരി ചന്ദ്രൻ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. പ്രതിഷേധ പരിപാടിയിൽ പെ ങ്കടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു.
പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കലിലുള്ളത്. അഡ്ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവരെ താക്കീത് ചെയ്യും.
പി.സി. രവീന്ദ്രൻ സെക്രട്ടറിയായ കുറ്റ്യാടി ലോക്കൽ കമ്മിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഏരിയ കമ്മിറ്റിയംഗം എ.എം. റഷീദ് കൺവീനറായ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.
കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ ടി.കെ. മോഹൻദാസ്, കെ.പി. ചന്ദ്രി എന്നിവർക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തിരുത്തി അണികള്‍ക്കൊപ്പം നിന്നുകൊണ്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിലൂടെ സിപിഎം കുറ്റ്യാടി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.