വെള്ളിക്കുളങ്ങര: ശ്രീനാരായണ ഗുരുദേവ വചനങ്ങൾ ജീവിതത്തിൽ പകർത്തി മതമൈത്രിക്കും മാനവ സ്നേഹത്തിനും മദ്യവർജ്ജനത്തിനുമായി ജീവിതത്തിന്റെ ഏറിയ പങ്കും മാറ്റി വെച്ച കുട്ടിച്ചേട്ടൻ ഓർമ്മയായി. വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടത്തുള്ള വസതിയിൽ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു.
നീണ്ട അറുപതുവർഷത്തോളം മറ്റത്തൂരിലെ മലയോരഗ്രാമങ്ങളിലൂടെ സൈക്കിളിൽ ചുറ്റിസഞ്ചരിച്ച് മദ്യത്തിനെതിരെ സമൂഹമനസാക്ഷിയെ ഉണർത്തുകയും ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തയാളാണ് സി.കെ.കുട്ടി എന്ന കുട്ടിച്ചേട്ടൻ. കോട്ടയത്തെ അമയന്നൂരിലെ ചിറക്കരോട്ട് കൊച്ചുകടുത്ത വൈദ്യരുടെ ആറാമത്തെ മകനായ സി.കെ.കുട്ടി 20ാമത്തെ വയസിലാണ് നാടുവിട്ട് വെള്ളിക്കുളങ്ങരയിലെത്തിയത്.
പിന്നീട് ചൊക്കനയിലെ റബർതോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായി. രാവിലെ ടാപ്പിംഗ് ജോലി കഴിഞ്ഞിറങ്ങിയാൽ പിന്നെ സൈക്കിളിൽ വെള്ളിക്കുളങ്ങരയിലെത്തി പൊതുപ്രവർത്തനത്തിൽ സജീവമാകും. വെള്ളിക്കുളങ്ങരയിലെ വായനശാലയിലെ സജീവ സാന്നിധ്യമായിരുന്നു സി.കെ.കുട്ടി. തന്റെ സൈക്കിളിൽ മദ്യം വിഷമാണ്, അതെടുക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുദ്ബോധിപ്പിക്കുന്ന ഗുരുദേവ വചനങ്ങളെഴുതിയ ബോർഡ് തന്റെ സൈക്കിളിൽ കെട്ടിവെച്ചാണ് കുട്ടിച്ചേട്ടൻ നാട്ടിലുടനീളം സഞ്ചരിച്ച് മദ്യവിരുദ്ധ പ്രവർത്തനം നടത്തിയത്.
ലഹരിവിരുദ്ധ പ്രവർത്തനരംഗത്തെ ആറു പതിറ്റാണ്ടിന്റെ സേവനത്തെ മാനിച്ച് കോടാലിയിലെ ഡ്രൈവേഴ്സ് വെൽഫയർ ട്രസ്റ്റ് പ്രവർത്തകർ കഴിഞ്ഞ വർഷം കുട്ടിച്ചേട്ടനെ ആദരിച്ചിരുന്നു.