കാഞ്ഞിരപ്പള്ളി: ഡോൺ ആകാൻ ബോംബെയ് ക്ക് കള്ള വണ്ടി കയറിയ നായകന്മാരുടെ കഥ പലകുറി സിനിമാ കാഴ്ചകളിൽ കണ്ടിട്ടുള്ളതാണ്. ഇത്തവണ കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് നാടുവിട്ടത്.
ഒപ്പം വീട്ടുകാർക്ക് ഒരു കുറിപ്പ് എഴുതി വച്ചിരുന്നു. ‘ഞാൻ പോകുകയാണ്, എങ്ങോട്ടെന്ന് അറിയില്ല. എങ്ങോട്ട് പോയാലും എന്നെ അന്വേഷിക്കരുത്. ഞാൻ വരും അഞ്ച് വർഷം കഴിഞ്ഞ് ’…
പ്രായപൂർത്തിയാകാത്ത അയൽവാസികളായ ആണ്‍കുട്ടികളാണ് കത്തെഴുതിവച്ചശേഷം നാടു വിടാൻ ശ്രമിച്ചത്. എന്നാൽ ഡോൺ ആകാനുള്ള അവരുടെ യാത്ര കേരളാ പോലീസ് അതിവിദഗ്ധ മായി തകർത്തു.
കുട്ടികൾ നാടുവിട്ടെന്നുള്ള പരാതി പോലീസ് സ്റ്റേഷനിലെത്തി മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.
10, 12 വയസുകളുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ പത്തോടെ ആനക്കല്ലിന് സമീപത്തുനിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകി. ഇതിനിടെ ചെങ്ങന്നൂരിൽ കുട്ടികളെ കണ്ട് സംശയം തോന്നിയ റെയിൽവേ പോലീസ് ഇവരെ തടഞ്ഞുവച്ചു.
കുട്ടികളെ കാണാതായതു സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസ് ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനുകളിലേക്കും വിവരം നൽകിയിരുന്നു. ഇങ്ങനെയാണ് കുട്ടികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി പോലീസിന്റെ കൃത്യമായ ഇടപെടലും കുട്ടികളെ കണ്ടെത്താൻ സഹായകരമായി. വീട്ടുകാരും പോലീസും ചെങ്ങന്നൂരിലെത്തി കുട്ടികളെ വീട്ടിലെത്തിച്ചു.