കോഴിക്കോട്: നഗരത്തില്വീണ്ടും കുട്ടിക്കള്ളന്മാര് വിലസുന്നു. കഴിഞ്ഞദിവസം ആഴ്ചവട്ടംഭാഗത്തുനിന്നും രാത്രി പിടികൂടിയ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. നഗരത്തിലെ സ്കൂളുകളില്‍ എസ്എസ്എല്‍സിക്കും പ്ലസ് വണ്ണിനും പഠിക്കുന്ന നാലുപേരെയാണ് കസബ പോലീസ് പിടികൂടിയത്.
പോലീസ് പറയുന്നതിങ്ങനെ:
പുലര്‍ച്ചെ ഒന്നുവരെ തുറന്നിരിക്കുന്ന ഫ്രൂട്ട്സ് കടയില്‍ നിന്നും മൊബൈല്‍ ഫോണും പഴങ്ങളും കളവുപോയതായി കടയുടമ പോലീസിന് പരാതി നല്‍കിയിരുന്നു. പുലര്‍ച്ചെ അഞ്ചോടെ കടതുറക്കുന്നതിനാല് ഷട്ടര്‍ പൂര്‍ണമായും അടച്ചിരുന്നില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല.
ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കേ രണ്ടുദിവസത്തിനുശേഷം സമീപത്തുനിന്നുതന്നെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും പെടോള് ഊറ്റുന്ന കുട്ടിക്കള്ളന്മാരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പെട്രോള്‍ ഊറ്റുകയായിരുന്ന രണ്ട് കുട്ടികളെ പട്രോളിംഗിനിടെ പോലീസ് പിടികൂടി.
സ്കൂളുകളില്‍ പഠിക്കുന്ന ഇവര്‍ രാത്രികാലങ്ങളില്‍ രക്ഷിതാക്കളോട് കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. വീട്ടുകാര്‍ അറിയാതെ വാങ്ങിയ സെക്കന്‍ഡ്ഹാൻഡ് കാറില്‍ കറങ്ങാനാണ് പെട്രോള്‍ ഊറ്റുന്നത്.
ഫൈവ്സ് ഫുട്ബോൾ കാണാന്‍ പോകുകയാണ് , സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നിങ്ങനെ കള്ളം പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പെട്രോള്‍ ഊറ്റിയവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഫ്രൂട്ട്സ് കടയിലെ മോഷണവും തെളിഞ്ഞു. കാറില്‍ കറങ്ങുമ്പോള്‍ കഴിക്കാന്‍ വേണ്ടിയാണത്രെ ഫ്രൂട്ട്സ് മോഷ്ടിച്ചത്.
കുട്ടികളിൽ ഒരാൾക്ക് പിറ്റേദിവസം പരീക്ഷയാണ്. മകൻ മുറിയില്‍ പഠിക്കുകയാണെന്നുകരുതി ഉറങ്ങുകയായിരുന്ന രക്ഷിതാക്കള്‍ കസബ സ്റ്റേഷനില്‍ നിന്നും വിളിയെത്തിയപ്പേള് പകച്ചുപോയി. പിടികൂടിയ നാലുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞുവിട്ടു. കടയുടമ പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല.
മുന്‍പ് ടൗണ്സ്റ്റേഷന് പരിധിയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അര്‍ധരാത്രിയില്‍ കറങ്ങുന്ന കുട്ടികളെ ലഹരിമരുന്നുമാഫിയ വലയില്‍ വീഴ്ത്തുന്നത് പതിവാണെന്ന് പോലീസ് പറയുന്നു. ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന് ‘നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ’ എന്ന ചോദ്യമുയര്‍ത്തി വലിയതോതില്‍ ബോധവത്കരണവും പോലീസ് നടത്തിയിരുന്നു.