സ്വന്തം ലേഖകൻ
തൃശൂർ: കുട്ടികളുടെ കളികൾ കുട്ടിക്കളികളാണെങ്കിലും തൃശൂർ നെഹ്റുപാർക്കിൽ കുട്ടികളുടെ കളികൾ ഒട്ടും സുരക്ഷിതമല്ല. അപകടം പതിയിരിക്കുന്ന കളിയുപകരണങ്ങൾ പാർക്കിൽ കളിക്കാനെത്തുന്ന കുട്ടികൾക്ക് ഭീഷണിയാണ്.
പത്തടിയിലേറെ ഉയരത്തിൽ നിന്നും താഴേക്ക് ഉരസി വീഴാവുന്ന സ്ലൈഡറും കുട്ടികൾക്ക് തൂങ്ങിയാടാവുന്ന ബാറുകളുമെല്ലാം കുറേക്കൂടി സുരക്ഷിതമായി സജ്ജമാക്കണമെന്ന ആവശ്യം പാർക്കിൽ കുട്ടികളേയും കൊണ്ടെത്തുന്ന രക്ഷിതാക്കൾ ഉന്നയിക്കുന്നു.
പത്തടിയിലേറെ ഉയരമുള്ള സ്ലൈഡിൽ ഉരസിയിറങ്ങാൻ കുട്ടികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സ്ലൈഡറിന് ഇരുവശത്തും കൈവരികൾ ഇല്ലെന്നതാണ് ഏറെ അപകടകരം. ചെറിയ കുട്ടികളാണ് ഇതിൽ കയറുന്നതെന്നുള്ളതു കൊണ്ടു തന്നെ ഉപകരണങ്ങൾ കൂടുതൽ ശിശുസൗഹൃദവും സുരക്ഷിതവുമാക്കണമെന്നതിൽ സംശയമില്ല.
സ്ലൈഡറിന്റെ മുകൾ ഭാഗത്തേക്ക് കുട്ടികൾ ഒരുമിച്ച് കയറി നിൽക്കുന്പോൾ അവർക്ക് പിടിച്ചു നിൽക്കാനുള്ള കൈവരികളും മറ്റും പരിമിതമാണെന്നതും അപകടസാധ്യതയുയർത്തുന്നു. സ്ലൈഡറിന്റെ രണ്ടു വശങ്ങളും ചെറുതായി മുകളിലേക്ക് വളച്ച നിലയിലാണെങ്കിലും സ്ലൈഡറിൽ നിന്നും കുട്ടികൾ വശങ്ങളിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.
ഇതൊഴിവാക്കാൻ സ്ലൈഡറിൽ അടിയന്തിരമായി കൈവരികൾ ഘടിപ്പിച്ച് സുരക്ഷിതമാക്കിയേ തീരു.ലക്ഷങ്ങൾ ചിലവഴിച്ച് മനോഹരമാക്കിയ പാർക്കിലേക്ക് അവധി ദിവസങ്ങളിൽ മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ പേർ കുട്ടികളേയും കൊണ്ട് എത്തുന്നുണ്ട്. നല്ല രീതിയിൽ സജ്ജമാക്കിയ കളിയുപകരണങ്ങൾ കുറച്ചുകൂടി സുരക്ഷിതമായ രീതിയിൽ ക്രമീകരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും.
തൂങ്ങിയാടുന്ന ബാറുകൾക്ക് താഴെ നല്ല കനത്തിൽ മണൽ വിരിച്ചാൽ വീഴ്ചയിൽ നിന്നുള്ള പരിക്കുകൾ കുറയ്ക്കാനാകും. കുട്ടികൾ കളിക്കുന്പോൾ മണൽ പുറത്തുപോകുന്നതിനനുസരിച്ച് അത് നിറയ്ക്കാനും ശ്രദ്ധിക്കണം. അമ്യൂസ്മെന്റ് പാർക്കുകളിലും മറ്റും റൈഡുകളടക്കമുള്ള കളിയുപകരണങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും പോലെ പാർക്കിലും കളിയുപകരണങ്ങൾ പരിശോധിച്ച് അപാകതകൾ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം.
കുട്ടികളുടെ കളിചിരികളും ഉല്ലാസവും കാണാനാഗ്രഹിച്ച് അവരേയും കൊണ്ട് പാർക്കിലെത്തുന്ന രക്ഷിതാക്കൾ അവർ വീണ് പരിക്കേറ്റ് കരഞ്ഞുകൊണ്ട് പാർക്ക് വിട്ടിറങ്ങുന്ന അവസ്ഥ മാറണം. കുട്ടികളെ ഒരുപാട് സ്നേഹിച്ച ചാച്ചാ നെഹ്റുവിന്റെ പേരിലുള്ള പാർക്ക് കുട്ടികൾക്ക് പേടി സ്വപ്നമാകരുത്.