ജുബാ: സ്വന്തം അമ്മയെ വെടിവച്ചു കൊല്ലണം, അല്ലെങ്കിൽ വെടിയേറ്റു മരിക്കും. മകൻ അമ്മയ്ക്കു നേർക്കു തോക്കു ചൂണ്ടി കാഞ്ചി വലിച്ചു. ഭാഗ്യം, തോക്കു ജാമായി, വെടിപൊട്ടിയില്ല. ലോകത്ത് ഒരു മകനും നേരിടേണ്ടിവന്നിട്ടില്ലാത്ത അനുഭവം പങ്കുവച്ചത് ദക്ഷിണസുഡാനിൽ മോചിതനായ കുട്ടിപ്പ ട്ടാളക്കാരൻ ക്രിസ്റ്റഫർ.
ക്രിസ്റ്റഫർ അടക്കം 311 കുട്ടിപ്പട്ടാളക്കാരെ യുഎൻ ഇടപെട്ടു മോചിപ്പിക്കുകയായിരുന്നു. ഇതിൽ 97 പേർ പെൺകുട്ടികളാണ്. ബുധനാഴ്ച എല്ലാവരും തോക്കു താഴെവച്ച് ജീവതത്തിലേക്കു തിരിച്ചുവന്നു.
വർഷങ്ങളായി ദക്ഷിണസുഡാൻ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. സംഘർഷത്തിൽ പങ്കാളികളായ എല്ലാ ഗ്രൂപ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുട്ടിപ്പട്ടാളത്തെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും കുട്ടികളും തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നു.
ക്രിസ്റ്റഫറിനെ തട്ടിക്കൊണ്ടുപോയത് പത്തു വയസുള്ളപ്പോഴായിരുന്നു. മകനെ വിട്ടുതരണമെന്ന യാചനയുമായി ക്രിസ്റ്റഫറിന്റെ അമ്മ വന്നപ്പോഴായിരുന്നു വെടിവച്ചു കൊല്ലാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ക്രിസ്റ്റഫറിനെ വെടിവച്ചു കൊല്ലുമെന്നും ഭീഷണി. “എന്റെ മുന്പിൽ വേറൊരു വഴിയില്ലായിരുന്നു. ഞാൻ ദൈവത്തോടു മാപ്പു ചോദിച്ചു” ഭാഗ്യത്തിനു തോക്കു കേടായതിനാൽ അമ്മ രക്ഷപ്പെട്ടു. അമ്മയും കുടുംബവും തനിക്കു മാപ്പു തന്നതായി ക്രിസ്റ്റഫർ പറഞ്ഞു.
ദക്ഷിണസുഡാനിൽ 19,000 കുട്ടിപ്പട്ടാളക്കാരുണ്ടെന്നാണ് യുഎൻ കണക്ക്. ഇതുവരെ രണ്ടായിരം പേരെ യുഎൻ മോചിപ്പിച്ചു. മോചിതരായവരിൽ പത്തു ശതമാനവും 13 വയസിനു താഴെയുള്ളവരാണ്. വരുന്ന ആഴ്ചകളിൽ 700 പേർകൂടി മോചിതരായേക്കും.