കോട്ടയം: അച്ഛന് സല്യൂട്ട് നല്കുന്ന മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി മകന് ധ്രുവനും. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന ഉദ്ഘാടന വേദിയിലാണ് ഡിജിപിയെയും നൂറുകണക്കിനു പോലീസുകാരെയും സാക്ഷിനിര്‍ത്തി ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കിയത്.
സമ്മേളന പ്രതിനിധിയും കേരള നിയമസഭയില്‍ ഡെപ്യൂട്ടേഷനില്‍ വാച്ച് ആന്‍ഡ് വാർഡ് ആയി ജോലി ചെയ്യുന്നയാളുമായ കൊട്ടാരക്കര വെട്ടുചോല ചക്കുവരയ്ക്കല്‍ സജി ഭവനില്‍ എസ്. സന്തോഷ്കുമാറിന്റെയും ദേവുവിന്റെയും മകനാണ് ധ്രുവന് സന്തോഷ്. ചിത്രകലയില്‍ പ്രാവീണ്യമുള്ള ധ്രുവന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ചിരുന്നു.
ഇതു സമ്മാനിക്കുന്നതിനായിട്ടാണ് ധ്രുവനെ വേദിയിലേക്ക് ക്ഷണിച്ചത്. ചിത്രവുമായി മുഖ്യമന്ത്രിക്ക് അരികിലെത്തിയ ധ്രുവന് ആദ്യം സല്യൂട്ട് നല്കി. ധ്രുവനെ മുഖ്യമന്ത്രിയും സദസിലുള്ളവരും അഭിനന്ദിച്ചു. ഫോട്ടോയെടുത്തശേഷം മടങ്ങാന്‍ തുടങ്ങുംമുമ്പ് ധ്രുവന് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി. ഭാവിയില്‍ അച്ഛനെപ്പോലെ പോലീസാകാനാണ് ധ്രുവനും ആഗ്രഹം.
അച്ഛന്റെ പോലീസ് ജോലിയെക്കുറിച്ചും പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെക്കുറിച്ചും നല്ല അറിവാണ് ധ്രുവനുള്ളത്. കൊട്ടാരക്കരയില്‍ നടന്ന അസോസിയേഷന്റെ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും അദ്ദേഹത്തിന്റെ ചിത്രം ധ്രുവന് സമ്മാനിച്ചിരുന്നു.