കുവൈറ്റ് സിറ്റി : കോവിഷീൽഡ് (അസ്ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്സിനാണെന്നും ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അതിനിടെ കുവൈറ്റിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികാരികളിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ശിപാർശ ചെയ്തു.
നാട്ടിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനായി ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാർത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നൽകി.
ഇന്ത്യൻ എംബസി ആരംഭിച്ച റജിസ്ട്രേഷൻ ഡ്രൈവിൽ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാർ പേരു റജിസ്റ്റർ ചെയ്തു കഴിഞ്ഞു.
രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർ മാത്രമേ കുവൈറ്റ് ഇമ്മ്യൂൺ ആപ്പിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുള്ളൂ.
ഇതിനകം ആദ്യ ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർ ഇവ മോഡിഫൈ ചെയ്ത് ഫൈനൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.
രണ്ടു സർട്ടിഫിക്കറ്റുകളും 500 കെബിയിൽ കവിയാത്ത ഒറ്റ പിഡിഎഫ് ഫയലിൽ അപ് ലോഡ് ചെയ്യണം.
ജൂലൈ 28 നു ചേരുന്ന പ്രത്യേക ഓപ്പൺ ഹൗസ് പരിപാടിയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകുമെന്നും എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ