തൊടുപുഴ: പെട്ടിമുടി ദുരന്തത്തിനിരയായ കളിക്കൂട്ടുകാരിയായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിലൂടെ ജനശ്രദ്ധയാകർഷിച്ച കുവിയെന്ന വളർത്തുനായ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ അജിത്ത് മാധവനു സ്വന്തമായി.
ഗർഭിണിയായ കുവിക്ക് മറ്റു നായ്ക്കളുടെ കടിയേറ്റതിനെത്തുടർന്നു അവശനിലയിലായിരുന്നു. ഇതേത്തുടർന്ന് ഭക്ഷണം പോലും കഴിക്കാത്ത കുവിയെ നേരത്തെ പരിശീലനം നൽകിയ അജിത്തിനു കൈമാറാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
2020 ഓഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രണ്ടരവയസുകാരി ധനുഷ്കയുടെ മൃതദേഹം മണം പിടിച്ച് കണ്ടെത്തിയതോടെയാണ് കുവി താരമായത്.
ദുരന്തത്തെ തുടർന്നുള്ള തെരച്ചിലിന്റെ നാലാംദിവസമാണ് പുഴയിൽ വീണുകിടന്ന മരത്തിൽ തങ്ങിയ നിലയിൽ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ നിന്നു മാറാതെ കുരച്ചുകൊണ്ട് നിന്ന കുവിയാണ് മൃതദേഹം കണ്ടെത്തുന്നതിനു വഴിതെളിച്ചത്. ഇതോടെ ദേശീയമാധ്യമങ്ങളിലടക്കം ഇടം പിടിച്ചതോടെ നാടിനെ നടുക്കിയ ദുരന്തസ്ഥലത്തെ താരമായി ഈ വളർത്തുനായ മാറുകയായിരുന്നു.
ഭക്ഷണം പോലും കഴിക്കാതെ ദുരന്തസ്ഥലത്ത് അലഞ്ഞു നടന്ന നായയെ രക്ഷാപ്രവർത്തനത്തിനെത്തിയ അജിത്ത് ഇണക്കിയെടുക്കാനും ശ്രമിച്ചു.
പിന്നീട് കുവിയെ ഏറ്റെടുക്കാൻ ഇദ്ദേഹം താല്പര്യം അറിയിച്ചെങ്കിലും ഇടുക്കി ഡോഗ് സ്ക്വാഡ് നായയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പരിപാലനത്തിന് ദിവസവും രണ്ടായിരത്തോളം രൂപ ഡോഗ് സ്ക്വാഡിന് ചെലവഴിക്കേണ്ടി വന്നു.
പിന്നീട് എട്ടു മാസത്തിനു ശേഷം ഇഗ്ലീഷ് ഓണ്ലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ധനുഷ്കയുടെ മുത്തശി പളനിയമ്മാളിന് കുവിയെ കൈമാറുകയായിരുന്നു.
ഇതിനിടെ നേരത്തെ നായയെ പരിശീലിപ്പിച്ചിരുന്ന അജിത്ത് അവളുടെ വിശേഷം തിരക്കി പളനിയമ്മാളിനെ പലപ്പോഴും വിളിക്കുമായിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച രാവിലെ അജിത്ത് മാധവനെ തേടി ഇവരുടെ വിളിയെത്തിയത്. നായ ഭക്ഷണം കഴിക്കുന്നില്ല അവശയാണ്.
തങ്ങൾക്ക് നോക്കാനാകില്ല, നായയെ വേണമെങ്കിൽ തരാം. താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുവിയെ നൽകാമെന്ന വീട്ടുകാരുടെ ഉറപ്പുലഭിച്ചതോടെ അജിത്ത് മൂന്നാറിലെത്തി മുദ്രപത്രത്തിൽ ഇനി നായയുടെ മേൽ കുടുംബത്തിന് യാതൊരു അവകാശവുമില്ലെന്ന് എഴുതി വാങ്ങിയ ശേഷം കുവിയെ ഏറ്റെടുക്കുകയായിരുന്നു.
മൂന്നാർ ഡിവൈഎസ്പിയേയും അജിത്ത് വിവരം അറിയിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്ക് കുവിയേയുമായി മടങ്ങി.
പ്രസവശേഷം നായയ്ക്ക് പരിശീലനം നൽകുന്നത് തുടരാനാണ് അജിത്തിന്റെ തീരുമാനം. പെട്ടിമുടി ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കളിക്കൂട്ടുകാരിയെ നഷ്ടമായ കുവിയും മൂന്നാറിന്റെ മലഞ്ചെരുവിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്.