ചേർത്തല: മൂന്നാറിലെ ദുരന്തഭൂമിയിൽ നിന്നും ചേർത്തലയിലെത്തിയ കുവി അമ്മയായി. മൂന്നാറിൽ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ദുരന്തത്തിൽ മരിച്ച തന്റെ കളികൂട്ടുകാരി രണ്ടര വയസുകാരി ധനുഷ്കയുടെ മൃതദേഹത്തിനായി കാത്തിരുന്നു എട്ടുദിവസങ്ങൾക്കുശേഷം അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തതിലൂടെ ശ്രദ്ധനേടിയ നാടൻനായയായിരുന്നു കുവി.
ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ ചേർത്തല നഗരസഭ 12-ാം വാർഡ് കൃഷ്ണ കൃപയിൽ അജിത്ത് മാധവൻ കുവിയെ സ്വന്തമാക്കി ചേർത്തലയിലെത്തിക്കുകയായിരുന്നു.
ദുരന്തശേഷം കുവിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരുന്നെങ്കിലും ധനുഷ്കയുടെ മൂന്നാറിലെ ബന്ധുക്കൾ പിന്നീടു കുവിയെ പോലീസിൽ നിന്നും തിരികെ വാങ്ങിയിരുന്നു.
ദുരന്ത സ്ഥലത്തുനിന്നും കുവിയെ ഇണക്കി പരിചരിച്ചതും പോലീസ് സംരക്ഷണത്തിൽ നോക്കിയിരുന്നതും അജിത്തായിരുന്നു.
എന്നാൽ ഗർഭിണിയായതിനെ തുടർന്ന് അവശയായ കുവിയെ പരിചിരിക്കുന്നതു ബുദ്ധിമുട്ടായതോടെയാണ് ഇവർ നായയെ അജിത്തിനു കൈമാറിയത്.
രണ്ടാഴ്ചമുന്പ് ചേർത്തലയിലേക്കെത്തിയ കുവി കഴിഞ്ഞ ദിവസമാണ് മൂന്നുകുഞ്ഞുങ്ങളെ പ്രസവിച്ചത്. കൃഷ്ണകൃപ വീട്ടിൽ പ്രത്യേകമൊരുക്കിയ കൂട്ടിലാണ് കുവിയും മൂന്നു നായകുട്ടികളും.