ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: പെട്ടിമുടിയെന്ന ദുരന്തഭൂമിയിൽ നിന്നും സ്നേഹത്തിന്റെ ആഴം മനുഷ്യനു കാട്ടിക്കൊടുത്ത കുവി ഇത്തവണ ഓണമുണ്ടത് പുതിയ കൂട്ടിലും പുത്തൻ പാത്രത്തിലും. കേരള പോലീസിന്റെ ഭാഗമാകാൻ തയാറെടുക്കുന്ന കുവി ഇതിനായുള്ള ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി.
പെട്ടിമുടിയെ വിഴുങ്ങിയ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ധനുഷ്ക എന്ന കുരുന്നിന്റെ കളിക്കൂട്ടുകാരിയായ കുവി ദുരന്തത്തിനു ശേഷം ദിവസങ്ങളോളം ദുരന്തഭൂമിയിൽ തന്റെ കളിക്കൂട്ടുകാരിയെ തേടി നടന്നതും ഒടുവിൽ ചേതനയറ്റ ആ കുഞ്ഞു ശരീരം കണ്ടെത്തുന്നതിനായി രക്ഷാ പ്രവർത്തകർക്ക് വഴി കാട്ടിയായതോടെയുമാണ് ഈ പെണ്നായ നാടിന്റെ നൊന്പരക്കാഴ്ച്ചയായത്.
നാടനായതിനാൽ…
ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കഴിക്കാതെ കളിക്കൂട്ടുകാരിയെ തേടി അലഞ്ഞ് അവശയായ കുവിയെ ഒടുവിൽ ഇടുക്കി ജില്ലാ പോലീസ് ഡോക് സ്ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ ഏറ്റെടുക്കുകയായിരുന്നു. ഏറ്റെടുക്കാൻ വകുപ്പുതല അനുമതിയും വാങ്ങിയാണ് അജിത് കുവിയെ ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലന കേന്ദ്രത്തിലേക്കെത്തിച്ചത്.
നാടൻ നായയായതിനാൽ കുവിയെ സംസ്ഥാന പോലീസ് ഡോഗ് സ്കാഡിന്റെ ഭാഗമാക്കാൻ ഇതു വരെയും ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭിച്ചിട്ടില്ല. എങ്കിലും കുവി അജിത്തിന്റെ കീഴിൽ ഇവിടെ പരിശീലനമാരംഭിച്ചു കഴിഞ്ഞു.
ഉന്നതകുലജാതരായ നായ്ക്കൾ വാഴുന്ന ഇടത്തേക്കാണ് തനി നാടനായ കുവി കടന്നു വന്നത്. നിലവിൽ ഏഴു നായകളാണ് ഇടുക്കി ഡോഗ് സ്ക്വാഡിനുള്ളത്. ആറെണ്ണം ലാബ്രഡോറും ഒരെണ്ണം ബീഗിൾ ഇനത്തിൽപ്പെട്ടതും.
ഇതിൽ രണ്ടു നായ്ക്കൾ തൃശൂരിൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഒരെണ്ണം രക്ഷാദൗത്യത്തിനും മറ്റേത് ബോംബ് കണ്ടെത്തുന്നതിലുമാണ് പരിശീലനം തേടുന്നത്. ബാക്കിയുള്ള അഞ്ചു ലാബ്രഡോർ ഇനം നായ്ക്കളാണ് കുവിയോടൊപ്പം ഇടുക്കി ഡോഗ് സ്ക്വാഡിന്റെ പരിശീലന കേന്ദ്രത്തിലുള്ളത്.
എന്നിട്ടും ഇണങ്ങാതെ
കുവിയെ ഇവിടെ എത്തിച്ചതു മുതൽ വെറ്ററിനറി ഡോക്ടർ എത്തി പരിശോധിക്കുന്നുണ്ട്. ആദ്യം തന്നെ വാക്സിനേഷനും പ്രതിരോധ മരുന്നുകളും നൽകി. മറ്റു നായ്ക്കളുമായി ഇണങ്ങാത്തതിനാൽ പ്രത്യേക കൂട്ടിലാണ് കുവിയുടെ താമസം. നായ്ക്കൾക്ക് നൽകുന്ന പായ്ക്കറ്റ് ഭക്ഷണമാണ് നൽകുന്നത്.
നാടൻ നായ ആയതിനാൽ ഏതു സാഹചര്യത്തോടും ഇവ ഇണങ്ങുമെന്ന് പരിശീലകർ പറയുന്നു. പെട്ടിമുടിയിലെ എസ്്റ്റേറ്റ് ലയങ്ങളുടെ ഇറയത്തും തേയിലക്കാടുകളിലുമായി കഴിഞ്ഞിരുന്ന പഴയ നായല്ല ഇപ്പോൾ കുവി. ആഹാരവും മരുന്നുകളും കൃത്യമായി ലഭിച്ചു തുടങ്ങിയതോട തികച്ചും ആരോഗ്യവതിയായി.
ചെറിയ രീതിയിലുള്ള പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്. ഇതിനിടെ കുവിയെ പോലീസ് ഡോഗ് സ്ക്വാഡിലെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാടൻ നായ്ക്കളെ കേരള പോലീസിന്റെ ഭാഗമാക്കുന്നതിലെ സാങ്കേതിക തടസമാണ് കാരണം. വിദേശ ഇനങ്ങളെയാണ് പോലീസ് ശ്വാന സേനയുടെ ഭാഗമാക്കുന്നത്.