കുവൈറ്റ് സിറ്റി : ഇന്ത്യക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകുന്നത് തുടരുമെന്നും 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരം ഓക്സിജൻ ടാങ്കുകളും ഇന്ത്യയിലേക്ക് ഉടൻ അയക്കുമെന്ന് കുവൈറ്റ് അംബാസിഡർ ജാസിം അൽ നജീം അറിയിച്ചു.
ഇന്ത്യയുമായി തങ്ങൾക്ക് ദീർഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്നും ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമായ ഇന്ത്യക്ക് എല്ലാവിധ മെഡിക്കൽ സഹായവും നൽകുവാൻ കുവൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കുകളുമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ കുവൈറ്റിൽ നിന്നും പുറപ്പെട്ടിരുന്നു.
ഓക്സിജൻ കോണ്സെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഓക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈറ്റ് സർക്കാർ ് അയക്കുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഇന്ത്യയിൽ ആവശ്യമുള്ള ഓക്സിജൻ സിലണ്ടറുകളും മെഡിക്കൽ സഹായവും ഉടൻ എത്തിക്കാൻ നേരത്തെ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.
അടുത്ത ദിവസം തന്നെ അൽ ഷുയിബ തുറമുഖത്ത് നിന്നും 75 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും ഓക്സിജൻ വാതകം നിറച്ച 1,000 സിലണ്ടറുകളും വഹിച്ച കപ്പൽ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളിലായി 100 മെട്രിക് ടണ്‍ ദ്രാവക ഓക്സിജൻ വഹിച്ച് ഷുവായ്ക് തുറമുഖത്ത് നിന്നും കപ്പൽ യാത്രയാകുന്നുണ്ട്.