കൊച്ചി: : കുവൈറ്റിലെ ബാങ്കിൽ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.
തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്സുമാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്റെ പരാതിയിൽ സംസ്ഥാനത്ത് പത്ത് കേസുകൾ രജിസ്റ്റർചെയ്തു.
കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കിൽനിന്ന് കോടികൾ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരേയാണ് പലരും ലോൺ എടുത്തത്.
കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് കുവൈറ്റിന്റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്.
2020-22 കാലത്താണ് ബാങ്കിൽ നിന്ന് ചെറിയ തുക ലോൺ എടുത്തത്. അതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോൺ എടുക്കുകയായിരുന്നു. ലോൺ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റിൽ നിന്നും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അന്വേഷണം തുടങ്ങി. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്.