കുവൈത്ത്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ മാതാപിതാക്കൾക്ക് രാജ്യംവിടാൻ കഴിയാത്തതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനു അധികൃതർ അനുമതി നൽകുകയും ഇതിനായുള്ള നടപടി ക്രമങ്ങൾ നേരത്തെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് രാജ്യം വിടാൻ കഴിയില്ലെന്നു വന്നതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ഒമ്പത് ദിവസമായി ഫർവാനിയ ദജീജിൽ ഉള്ള മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ മാസം 26നു രാത്രിയിലാണ് കഴുത്തിൽ മുറിവേറ്റ പാടുമായി പെൺകുട്ടിയെ അബാസിയ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫ്ളാറ്റിലെ ശുചിമുറിയിൽ കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയതെന്നാണ് പിതാവ് പോലീസിന് നൽകിയ മൊഴി. സംഭവത്തിനു അൽപ നേരം മുമ്പ് വരെ താൻ ഫ്ളാറ്റിൽ ഉണ്ടായിരുന്നെന്നും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു അത്യാഹിതം സംഭവിച്ചതെന്നും പിതാവ് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.