കുവൈറ്റില്‍ ഡിഎന്‍എ ഡേറ്റാബാങ്കിനുള്ള നടപടികള്‍ തുടങ്ങി, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക

newwwwwwകുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഡിഎന്‍എ ഡേറ്റബാങ്ക് പദ്ധതിക്കു തുടക്കമായി. എന്നാല്‍, ഈ നീക്കത്തില്‍ ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഡിഎന്‍എ ഡേറ്റാബാങ്ക് സംവിധാനത്തിന്റെ സുതാര്യതയിലും രഹസ്യാത്മകതയിലും ആശങ്ക പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ പേരുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ ഡേറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍ വരുകയും ചെയ്തു. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സവാബിര്‍ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡിഎന്‍എ ഡേറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനു പുറമെ വാഹനാപകടം, അഗ്‌നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ആദ്യ ഘട്ടത്തില്‍ സ്വദേശികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പിന്നീട് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശിയരുടെയും ഡിഎന്‍എ ശേഖരിക്കും. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍ ശേഖരിക്കാനാണ് പദ്ധതി. പരിശോധനയ്ക്കു വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴുവര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ലെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.

Related posts