കുവൈറ്റ് സിറ്റി: 24 മലയാളികളടക്കം അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കോടതി നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തു.
ഇതില്‍ മൂന്നു പേര് ഇന്ത്യക്കാരും ഒരാള്‍ കുവൈറ്റ് സ്വദേശിയും മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്വയ്ക്കാനാണ് കോടതി നിര്‍ദേശം. നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 12ന് പുലര്‍ച്ചെയാണ് കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു.
നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള കുവൈറ്റ് സർക്കാരിന്റെ നടപടികൾ കർശനമായി നീങ്ങുകയാണ്. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും നിയമം ലംഘിച്ചും കുവൈറ്റിൽ തങ്ങുന്ന അനധികൃത താമസ-കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.